വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്സ് വണ്ണിന് ലഭിക്കുന്ന അതേ സുരക്ഷാ സംവിധാനം ഇനി ഇന്ത്യയുടെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വിമാനങ്ങള്‍ക്കും ലഭിക്കും.1300 കോടിയുടെ (190 മില്യണ്‍ ഡോളര്‍) രണ്ട് അത്യാധുനികമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയ്ക്കു നല്‍കാനാണ് അമേരിക്കയുടെ തീരുമാനം. പ്രതിരോധ സംവിധാനങ്ങള്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഔദ്യോഗിക വിമാനമായ എയര്‍ ഇന്ത്യ വണ്ണിനാണ് ഉപയോഗിക്കുക.
ലാര്‍ജ് എയര്‍ക്രാഫ്ട് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ്, സെല്‍ഫ് പ്രൊട്ടക്‌ഷന്‍ സ്യൂട്ട് എന്നിവയുടെ ഇടപാടിനാണ് ഡോണാള്‍് ട്രംപ് അനുമതി നല്‍കിയത്. യു.എസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി യാണ് ഇക്കാര്യം യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. ഇന്ത്യയുടെ അഭ്യര്‍ത്ഥന കൂടി കണക്കിലെടുത്താണു തീരുമാനമെന്ന് പെന്റഗണ്‍ അറിയിച്ചു. പുതിയ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി രണ്ട് ബോയിംഗ് 777 വിമാനങ്ങള്‍ കൂടി വാങ്ങുന്നതിന് ഇന്ത്യ ആലോചിക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതില്‍ രണ്ടാം സ്ഥാനത്താണ് യുഎസ്. ഇന്ത്യയെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായും യു.എസ് പ്രഖ്യാപിച്ചിരുന്നു. 2018ല്‍ യുഎസ് ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍-1 പദവി നല്‍കിയിരുന്നു. എസ്ടിഎ-1 പദവി ലഭിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാഷ്ട്രം കൂടിയാണ് ഇന്ത്യ. എയര്‍ ഫോഴ്സ് വണ്ണിനു ലഭിക്കുന്നതിനു സമാനമായ സുരക്ഷയാണ് ഇനി എയര്‍ ഇന്ത്യ വണ്ണിനും ലഭ്യമാകുകയെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments