കുംഭകോണം : തമിഴ്‌നാട്ടിലെ കുംഭകോണത്തിൽ ദളിത് കോളനിയിൽ മതപരിവർത്തനത്തിന് ശ്രമിച്ച മത മൗലിക വാദികളെ തടഞ്ഞ പി എം കെ നേതാവ് രാമലിംഗത്തിന്റെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനടക്കം അഞ്ചു പേർ അറസ്റ്റിൽ. തിരുഭുവനം സ്വദേശിയായ രാമലിംഗം (42 )കൊല്ലപ്പെട്ടത് ചൊവ്വാഴ്ച വൈകിട്ടോടെയാണ്. കൊലപാതകവുമായി ബന്ധപ്പെട്ടു മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, നിസ്സാം അലി, സർബുദ്ദീൻ ,മുഹമ്മദ് റിയാസ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതിൽ നിസാം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനാണ്.
മതപരിവർത്തനത്തിന് ചൊല്ലിയുള്ള തർക്കമാണ് പിന്നീട് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.’മതപരിവർത്തനത്തെ എതിർത്തതിന് ഒരാളെ കൊന്നൊടുക്കുന്നത് ആരും അംഗീകരിക്കില്ല. ഇത്തരം പ്രവൃത്തികൾ മനുഷ്യത്വത്തിനെതിരാണ്. മതപരമായ സഹവർത്തിത്വം നശിപ്പിക്കുന്നതാണ്. വർഗീയ കലാപം ഇളക്കിവിടാൻ പാടില്ല’- പിഎംകെ നേതാവ് അൻപുമണി രാംദാസ് പറഞ്ഞു.’ടൗണിലുള്ള മുസ്ലിം മതവിശ്വാസികൾ നാട്ടിലെത്തി, അവിടെ താമസിക്കുന്നവർക്ക് മതപരമായ ക്ലാസെടുക്കുന്നത് പതിവാണ്. സാധാരണയായി മുസ്ലിംഭൂരിപക്ഷ പ്രദേശത്ത് മാത്രമാണ് ഇവരെത്തുന്നത്- പൊലീസ് പറയുന്നു.
read also: ദളിത് കോളനിയിലെ മതപരിവർത്തനം തടയാൻ ശ്രമിച്ച പി എം കെ നേതാവിന്റെ കൊലപാതകം; പ്രതിഷേധം പുകയുന്നു
എന്നാൽ ചൊവ്വാഴ്ച ദളിത് വിഭാഗങ്ങൾ താമസിക്കുന്ന തെരുവിൽ ഇവരെത്തി. ഈ സമയം തന്റെ കാറ്ററിംഗ് ബിസിനസിന് ജോലിക്കാരെ തിരക്കി രാമലിംഗം യാദൃശ്ചികമായി ഇവിടെ എത്തുകയായിരുന്നു. പുറത്ത് നിന്ന് വന്ന് സംസാരിച്ചത് രാമലിംഗം ചോദ്യം ചെയ്തു. ഇതു തർക്കമായെങ്കിലും മുസ്ലിം ഇമാമുമാർ ഇടപ്പെട്ട് പ്രശ്നം പറഞ്ഞുതീർത്തു. എന്നാൽ വൈകിട്ട് ഒരുകൂട്ടർ എത്തി രാമലിംഗത്തെ ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കുംഭകോണത്ത് സംഘർഷം പുകയുകയാണ്. കൊലപാതകത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മകന്‌റെ മുന്നിൽവച്ച് രാമലിംഗത്തിന്റെ രണ്ടു കൈകളും വെട്ടിയെടുത്ത സംഘം കൊടുവാൾ കൊണ്ട് നിരവധി തവണ വെട്ടുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളനിയിൽ ചിലർ മതപരിവർത്തനത്തിനായി എത്തിയെന്നും രാമലിംഗവും ഇവരുമായി വാക്കുതർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രദേശവാസികൾ പറയുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കുംഭകോണത്തും പരിസരത്തുമായി 250 ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മരിച്ച രാമലിംഗത്തിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.
Post Your Comments