ഭോപാല്‍: ബൊഫോഴ്സ് ഡിസൈന്‍ ആധാരമാക്കിയുള്ള ധനുഷ് തോക്കുകള്‍ക്കു വ്യാജ ചൈനീസ് സ്പെയര്‍ പാര്‍ടുകള്‍ നല്‍കിയ കേസില്‍ സിബിഐ ചോദ്യംചെയ്യാന്‍ സമൻസ് അയച്ച ആള്‍ മരിച്ച നിലയില്‍.ജബല്‍പുരിലെ ഗണ്‍സ് കാര്യേജ് ഫാക്ടറി (ജിസിഎഫ്) ജൂനിയര്‍ വര്‍ക്സ് മാനേജര്‍ എസ്.സി. ഖത്‌വയെ (45) ഫാക്ടറിക്കടുത്ത് ആളൊഴിഞ്ഞ സ്ഥലത്താണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടാഴ്ച പഴക്കമുണ്ട്. ജനുവരി 16നു സമന്‍സ് ലഭിച്ച ഖത്‌വയെ പിറ്റേന്നു മുതല്‍ കാണാതായിരുന്നു.
19 നാണു സിബിഐ മുന്‍പാകെ ഹാജരാകേണ്ടിയിരുന്നത്. മൃതദേഹത്തിനടുത്തുനിന്ന് രക്തംപുരണ്ട ബ്ലേഡ് കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍, കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.പ്രതിരോധമന്ത്രാലയത്തിനുകീഴില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗണ്‍ കാര്യേജ് ഫാക്ടറി. സൈനികാവശ്യങ്ങള്‍ക്കായി തദ്ദേശീയമായി നിര്‍മ്മിക്കുന്ന ബൊഫോഴ്‌സ് തോക്കുകളില്‍ ചൈനീസ് യന്ത്രഭാഗങ്ങള്‍ ഉപയോഗിച്ചെന്നാണ് കേസ്.
2017 ജൂലായിലാണ് സിബിഐ. കേസ് രജിസ്റ്റര്‍ ചെയ്തത്. ഫാക്ടറിയിലെ തിരിച്ചറിയാത്ത ഉദ്യോഗസ്ഥരുടെ പേരില്‍ വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.സ്വീഡനിലെ ആയുധക്കമ്ബനിയായ എ.ബി. ബൊഫോഴ്സില്‍നിന്ന് 1986-ല്‍ കരസേനയ്ക്കുവേണ്ടി 1437 കോടിയുടെ ഹോവിറ്റ്സര്‍ പീരങ്കി വാങ്ങിയതില്‍ 64 കോടിയുടെ കൈക്കൂലി നടന്നുവെന്നാണ് ആരോപണം.
യൂറോപ്പിലെ ഹിന്ദുജ സഹോദരന്മാരുള്‍പ്പെടെ എല്ലാ പ്രതികളെയും 2005 മെയ് 31-നാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 2004 ഫെബ്രുവരി നാലിന് ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. വിധി ചോദ്യംചെയ്ത് ബിജെപി. നേതാവ് അജയ് അഗര്‍വാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
Post Your Comments