രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള സമരം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തിവെക്കാന്‍ വി.എച്ച്.പിയുടെ തീരുമാനം. തര്‍ക്കഭൂമിയുടെ തൊട്ടടുത്തുള്ള 67 ഏക്കര്‍ സ്ഥലം ഉടമസ്ഥര്‍ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ഉദ്ദേശിക്കില്ലെന്ന് വി.എച്ച്.പി വ്യക്തമാക്കി.
രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ ധര്‍മ്മസഭകള്‍ സംഘടിപ്പിച്ച് വി.എച്ച്.പി കഴിഞ്ഞദിവസം കുംഭമേളയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടത്. നാല് മാസത്തേക്ക് രാമക്ഷേത്ര നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് രാജ്യത്ത് സമരങ്ങള്‍ സംഘടിപ്പിക്കുന്നില്ലെന്നും ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്നും വി.എച്ച്.പി അറിയിച്ചു.
രാമക്ഷേത്ര നിര്‍മ്മാണം തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. എന്നാല്‍ വി.എച്ച്.പിയുടെ പുതിയ തീരുമാനം എന്താണെന്ന് തനിക്ക് അറിയില്ലെന്നും എന്തുവന്നാലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പറഞ്ഞു.
2019 തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം വിഷയം പ്രധാന പ്രചരണമാക്കാന്‍ ഇതോടെ കഴിയില്ലെങ്കിലും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തെ തണുപ്പിക്കാന്‍ വി.എച്ച്.പിയുടെ പുതിയ നിലപാടോടെ ബി.ജെ.പിക്ക് കഴിയും. വിഷയം മുഖ്യധാരയില്‍ നിന്ന് മാറ്റുന്നത് സഖ്യകക്ഷികളെ ഒപ്പം നിര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്കും ഗുണകരമാകും.
Post Your Comments