ന്യൂഡല്‍ഹി: ശബരിമല കേസില്‍ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സുപ്രിം കോടതി പ്രധാനമായും പരിശോധിക്കുക പുതിയ വാദമുഖങ്ങള്‍ ഉണ്ടോയെന്നായിരിക്കുമെന്ന് നിയമ വിദഗ്ധര്‍. നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ കാര്യമായ പിഴവുണ്ടോ, അന്നു പരിഗണനയില്‍ വരാതിരുന്ന പുതിയ വാദമുഖങ്ങള്‍ ഉണ്ടോ, നേരത്തെ പരിഗണനയില്‍ വരാതിരുന്ന വസ്തുതകള്‍ ആരെങ്കിലും ചൂണ്ടിക്കാട്ടിയിട്ടുണ്ടോ എന്നിവ പരിശോധിച്ചേക്കും. നേരത്തെ ഉന്നയിച്ച വാദങ്ങള്‍ തന്നെ വീണ്ടും പരിശോധിക്കാന്‍ സാധാരണ ഗതിയില്‍ കോടതി തയാറാവില്ല.
പുനപ്പരിശോധനാ ഹര്‍ജികളില്‍ പുതിയ വാദമുഖങ്ങള്‍ ഒന്നും ഇല്ലെന്നു കണ്ടെത്തിയാല്‍ ആദ്യ പരിശോധനയില്‍ തന്നെ തള്ളാനാണ് സാധ്യതയെന്ന് ഇവര്‍ പറയുന്നു. അതേസമയം കാതലായ വാദങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ നേരത്തെ പുറപ്പെടിവിച്ച വിധി സ്റ്റേ ചെയ്ത് വിശദമായ വാദം കേള്‍ക്കലിനു കോടതി തയാറാവും. വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചാല്‍ അതിനായി വിശാല ബെഞ്ച് രൂപീകരിക്കാനും സാധ്യതയുണ്ട്.
നിലവില്‍ അഞ്ചംഗ ബെഞ്ചാണ് ശബരിമല കേസ് പരിഗണിച്ചത്. പുതിയ ഏഴംഗ ബെഞ്ച് രൂപീകരിച്ച് വാദം കേള്‍ക്കുന്നതിന് കോടതി തീരുമാനിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments