തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ബി ജെ പി ജില്ലാ നേതൃത്വം. കുമ്മനം മത്സരിച്ചാൽ വിജയം ഉറപ്പാണെന്ന് ബിജെപി അംഗങ്ങൾ പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി ദേശീയ ജനറൽ സെക്രട്ടറി വി രാംലാൽ ഇന്ന് തലസ്ഥാനത്തെത്തും. സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിലാണ് കുമ്മനത്തിന്റെ പേര് ഉന്നയിച്ചത്.
ബി ജെ പി ഏറ്റവും പ്രതീക്ഷ വെക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. മോഹൻലാൽ, സുരേഷ് ഗോപി, കെ സുരേന്ദ്രൻ അടക്കം പല പേരുകൾ പരിഗണനയിലുണ്ടെങ്കിലും ജില്ലാ ഘടകം ആവശ്യപ്പെടുന്നത് കുമ്മനത്തിന്‍റെ മടക്കമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്‍റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് കുമ്മനത്തിന്റെ പേര് മുന്നിട്ട് വന്നത്.
എന്നാല്‍, മിസോറാം ഗവർണ്ണറായ കുമ്മനത്തിന്‍റെ രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വവും ആർ എസ് എസ്സുമാണ്. സംസ്ഥാന അധ്യക്ഷനായിരിക്കെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെയായിരുന്നു കുമ്മനത്തെ അപ്രതീക്ഷിതമായി ഗവർണ്ണറാക്കിയത്.
Post Your Comments