ബെംഗളൂരു: കര്‍ണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്.), യശ്വന്തപുര-കണ്ണൂര്‍ എക്‌സ്പ്രസ് ബാനസവാടിയിലേക്കു മാറ്റിയതിനെതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ജസ്റ്റിസ് നാരായണസ്വാമി, ജസ്റ്റിസ് ദിനേശ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളി. റെയില്‍വേയുടെ ആഭ്യന്തരകാര്യമായതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.
ശിവമൊഗയിലേക്കുള്ള തീവണ്ടിക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ബാനസവാടിയിലേക്ക് മാറ്റിയതെന്നാണ് റെയില്‍വേയുടെ വാദം. എന്നാല്‍, കണ്ണൂരിലേക്കുള്ള തീവണ്ടിയുടെ സമയക്രമം ശിവമൊഗയിലേക്കുള്ള തീവണ്ടിയെ ഒരുതരത്തിലും ബാധിക്കുന്നില്ല. പിന്നെന്തിനാണ് മലയാളികളെമാത്രം ദ്രോഹിക്കുന്ന നടപടി റെയില്‍വേ സ്വീകരിച്ചതെന്ന് മലയാളികള്‍ ചോദിക്കുന്നു. യശ്വന്തപുര-കണ്ണൂര്‍ എക്‌സ്പ്രസ് ബാനസവാടിയില്‍ നിന്നാക്കിയത് റെയില്‍വേയുടെ ആഭ്യന്തരകാര്യമല്ലെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്മാണെന്നും കെ.കെ.ടി.എഫ്. വ്യക്തമാക്കി.
കേരളത്തിലേക്കുള്ള തീവണ്ടികളോട് മാത്രമേ അവഗണനയുള്ളൂവെന്നാണ് ആരോപണം. മലയാളികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നിയമപരമായുള്ള വഴിയും അടഞ്ഞതോടെ പ്രതിഷേധം ശക്തമാക്കാനാണ് കെ.കെ.ടി.എഫിന്റെ തീരുമാനം. കണ്ണൂരിലേക്കുള്ള തീവണ്ടി ബാനസവാടിയില്‍നിന്ന് ആക്കിയതിനെതിരേയുള്ള പരാതി മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനംവഴി റെയില്‍വേ മന്ത്രിക്ക് കൈമാറും.
ഷൊര്‍ണൂര്‍ വഴി മലബാറിലേക്കുള്ള ഏകതീവണ്ടിയാണ് യശ്വന്തപുര- കണ്ണൂര്‍ എക്‌സ്പ്രസ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലേക്കുള്ള പ്രധാന യാത്രാമാര്‍ഗമായ ഈ തീവണ്ടി ബാനസവാടിയില്‍ നിന്നാക്കിയത് നിരവധി മലയാളികളെയാണ് ബാധിച്ചത്.
Post Your Comments