Latest NewsKerala

ഇലക്ട്രോണിക്‌സ് ഗോഡൗണില്‍ വന്‍ തീപിടിത്തം; ഒരു കോടിയുടെ നഷ്ടം

കാക്കനാട്: തൃക്കാക്കരയില്‍ ഗാര്‍ഹിക ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ഗോഡൗണ്‍ വന്‍ തീപിടിത്തത്തില്‍ കത്തി ചാരമായി. പൈപ്പ്ലൈന്‍ റോഡില്‍ തോപ്പില്‍ ഭാഗത്ത് ബി.എം.കെ. ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ തീപിടിച്ചത്. പത്തനംതിട്ട സ്വദേശി തോമസ് വര്‍ഗീസാണ് നടത്തിപ്പുകാരന്‍. ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണറുകള്‍, എല്‍.ഇ.ഡി. ടി.വി., മൊബൈല്‍ ഫോണ്‍, മൈക്രോവേവ് ഓവന്‍ തുടങ്ങി ആയിരത്തോളം വസ്തുക്കള്‍ കത്തിനശിച്ചതായി കരുതുന്നു. അഗ്‌നിരക്ഷാസേന രണ്ട് മണിക്കൂറോളം പ്രയത്‌നിച്ചാണ് തീ കെടുത്തിയത്. ഇടത്തരം ഇലക്ട്രോണിക്‌സ് കടകളിലേക്ക് ടി.വി., ഫ്രിഡ്ജ് തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യാനാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. എല്ലാം കത്തിനശിച്ചു.

ഗോഡൗണില്‍നിന്ന് പുക ഉയരുന്നത് തൊട്ടടുത്ത താമസക്കാരനാണ് ആദ്യം കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചു. തുടര്‍ച്ചയായി പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടര്‍ന്നപ്പോള്‍ സമീപത്തെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. ഗോഡൗണിന്റെ ഷട്ടര്‍ വെട്ടിപ്പൊളിച്ചാണ് അഗ്‌നിരക്ഷാസേന അകത്തുകയറിയത്. അപ്പോഴേക്കും തീ ശക്തിയായി പടര്‍ന്നിരുന്നു.

അപകട കാരണത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. കെട്ടിടത്തിന് 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി കെട്ടിട ഉടമ പറഞ്ഞു. 3,800 ചതുരശ്രയടി വിസ്തീര്‍ണമാണ് ഗോഡൗണിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button