മലയാളിയായ വിദ്യാ ബാലന്‍ ബോളിുഡിലേക്ക് എത്തിയിട്ട് ഇത് 14 വര്‍ഷമായി. ആരാധകര്‍ ഏറെയുള്ള വിദ്യ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ എന്നും വ്യത്യസ്തമായിരുന്നു. മറ്റു നടിമാര്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന കഥാപാത്രങ്ങള്‍ വിദ്യ ഏറ്റെടുത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഇത് വിദ്യയ്ക്ക് ഒരുപാട് പ്രേഷക പിന്തുണ നേടിക്കൊടുത്തിട്ടുണ്ട്. സമൂഹം കല്‍പിച്ചു നല്‍കുന്ന അഴകളവുകള്‍ ഇല്ലാതിരുന്നിട്ട് കൂടി അഭിനയ മികവ് കൊണ്ടും വ്യക്തമായ നിലപാടുകള്‍ കൊണ്ടും മറ്റുള്ള നടിമാരില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് വിദ്യ.
പക്ഷേ തന്റെ ആരാധകര്‍ ഉപദേശിക്കാന്‍ വരുന്നത് തന്റെ തടിയുടെ കാര്യത്തിലാണെന്ന് വിദ്യ തുറന്നു പറയുന്നു. അവരോട് താന്‍ കയര്‍ക്കാറുണ്ടെന്നും വിദ്യ പറയുന്നു. ഇത്തരം ചോദ്യങ്ങളോടു താന്‍ പ്രതികരിക്കുന്ന രീതിയെക്കുറിച്ചും തന്റെ ശാരീരികാവസ്ഥയെക്കുറിച്ചും വിദ്യ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
എനിക്ക് കുട്ടിക്കാലത്ത് ഹോര്‍മോണ്‍ സംബന്ധമായ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അതൊരു പക്ഷേ എന്റെ ശരീരത്തെക്കുറിച്ച് എനിക്കുണ്ടായ ചില മുന്‍വിധികളെ തുടര്‍ന്നാവാം. കൗമാരപ്രായത്തില്‍ ആളുകള്‍ എന്നോട് ചോദിച്ചിട്ടുണ്ട്, നിനക്ക് നല്ല സുന്ദരമായ മുഖമുണ്ട്, എന്തുകൊണ്ടാണ് നീ തടി കുറയ്ക്കാത്തത്? അതുകേട്ട് ഞാന്‍ പട്ടിണി കിടക്കും. ഭാരം കുറയ്ക്കാനായി കഠിനമായ വ്യായാമങ്ങള്‍ ചെയ്യും. അപ്പോള്‍ ഹോര്‍മോണ്‍ പ്രശ്‌നത്തിന് അല്‍പ്പം ശമനം ലഭിക്കും വൈകാതെ രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തും.
മെലിയുന്ന അവസരത്തില്‍പ്പോലും തടികൂടുന്നതായി എനിക്കു തോന്നും. ഭാരം കുറഞ്ഞും കൂടിയും കുറഞ്ഞും കൂടിയുമിരുന്നു. ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ ഷൂട്ടിന്റെ സമയത്ത് മോണിറ്ററില്‍ എന്റെ സീന്‍ വരുമ്പോള്‍ ഞാനതിലേക്ക് നോക്കില്ലായിരുന്നു. എങ്ങാനും അബദ്ധത്തില്‍ നോക്കിപ്പോയാല്‍ എന്റെ തടി കൂടി വരുന്നതായി എനിക്കു തോന്നുമായിരുന്നു.
എന്നെക്കാണുമ്പോള്‍ എന്തുകൊണ്ട് വ്യായാമം ചെയ്യുന്നില്ല എന്നൊക്കെ ചിലര്‍ ചോദിക്കും. അങ്ങനെയുള്ളവരെ ഇംഗ്ലീഷിലുള്ള ഒരു ചീത്തവാക്കു വിളിക്കാനാണ് എനിക്ക് തോന്നുന്നത്. ഞാന്‍ വ്യായാമം ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അവര്‍ക്കറിയാം. ഞാന്‍ എത്ര കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അവര്‍ക്കറിയാമോ? ഞാനെത്രമാത്രം വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ടെന്ന് അവര്‍ക്ക് ഊഹിക്കാനാകുമോ?
വര്‍ഷങ്ങളായി ഞാന്‍ അനുഭവിക്കുന്ന ഹോര്‍മോണ്‍ പ്രശ്‌നം മൂലമാണ് എനിക്ക് ശരീരഭാരം കുറയ്ക്കാനാകാത്തത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ? വര്‍ക്കൗട്ടുകള്‍ എത്രത്തോളം ചെയ്തിട്ടും അത്രത്തോളം ശരീരഭാരം വര്‍ധിച്ച സമയങ്ങളും ഇതിനിടയിലുണ്ടായിട്ടുണ്ട്. തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത, അലസന്‍മാരാണെന്ന മുന്‍ധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങള്‍ എന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് മുന്‍വിധിയോടെ എന്നെക്കുറിച്ച് സംസാരിക്കരുതെന്ന് ആളുകളോട് പറയാറുള്ളതും.
Post Your Comments