മറയൂര്‍: തമിഴ്നാട് വനംവകുപ്പ് പിടികൂടി വനത്തിനുള്ളില്വിട്ട ചിന്നത്തമ്പി എന്ന കാട്ടാനയെ കുങ്കി ആനയാക്കുവാന് ഉത്തരവ്. കാട്ടാനയെ വീണ്ടും പിടികൂടാന്‍ തമിഴ്നാട് വനം വകുപ്പ് മന്ത്രി ദിണ്ഡുക്കല് ശ്രീനിവാസനാണ് ഉത്തരവിട്ടത്. 22 വയസ്സുള്ള ചിന്നത്തമ്പി കാടുകയറാതെ അതിര്‍ത്തിഗ്രാമങ്ങളിലൂടെ അലഞ്ഞ് ചിന്നാര്‍ അതിര്‍ത്തിയായ അമരാവതിയിലെത്തിയിയിട്ടുണ്ട്. കൂടെയുണ്ടായിരുന്ന പിടിയാനയെയും കുഞ്ഞിനെയും തേടി അലയുകയാണ് ചിന്നത്തമ്പിയെന്ന് പ്രകൃതിസ്നേഹികള്‍ പറയുന്നു. ചിന്നത്തമ്പിയെ പിടികൂടി കുങ്കിയാന ആക്കുവാനായി ടോപ്പ് സ്ളിപ്പില്‍ പ്രത്യേക കൂടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചുവരുന്നു.
ജനുവരി 25-നാണ് കോയമ്പത്തൂരിനടുത്ത് പെരിയ തടാകത്തില്‍നിന്നു കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടി വച്ച് ചിന്നത്തമ്പിയെ പിടികൂടിയത്. ചിന്നത്തമ്പിയെ പിടിക്കുന്ന സമയത്ത് കൂടെ ഉണ്ടായിരുന്ന പിടിയാനയെയും കുഞ്ഞിനെയും കുങ്കി ആനകളുടെ സഹായത്തോടെ തുരത്തി വനത്തിലേക്ക് ഓടിച്ചിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിനകം ചിന്നത്തമ്പി ഇവയെ തേടി ആനമല ആഴിയാര്‍ വഴി ദേവനൂര്‍ പുത്തൂര്‍ ഭാഗത്ത് എത്തി ജനവാസമേഖലയിലും കൃഷിയിടത്തിലും നിലയുറപ്പിക്കുകയായിരുന്നു.
ആറു ദിവസമായി നിരവധി ജനവാസമേഖലയില്‍ കൂടി കടന്നുപോയിട്ടും യാതൊരുവിധ ശല്യവുമില്ലാതെ കൃഷിയിടത്തില്‍ തീറ്റയ്ക്കായി മാത്രം ചെറിയ നാശം വരുത്തിയ ചിന്നത്തമ്പിയെ പെട്ടെന്ന് കുങ്കി ആനയാക്കി മാറ്റാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നു. പെരിയ തടാകത്ത് െവച്ച് പിടികൂടിയപ്പോള്‍ കഴുത്തില്‍ സ്ഥാപിച്ച റേഡിയോ കോളര്‍ സംവിധാനത്തില്‍ ഏറെ പ്രകോപിതനാണ് ചിന്നത്തമ്പി. ഇത് പറിച്ചുകളയുന്നതിന് മരത്തില്‍ ശക്തമായി ഉരയ്ക്കുകയും ചെയ്യുന്നുണ്ട്. ആറ് മാസം മുന്‍പ് കോയമ്പത്തൂരിനടുത്ത് ശിറുമുഖ ഗ്രാമത്തില്‍നിന്നു വനംവകുപ്പ് പിടികൂടിയ മഹാരാജ എന്ന ആനയുടെ കഴുത്തിലും റേഡിയോ കോളര്‍ പിടിപ്പിച്ചിരുന്നു. ഇത് കളയുവാന്‍ വേണ്ടി മരത്തില്‍ ഇടിച്ച് പരിക്കേറ്റ് മഹാരാജ ചരിഞ്ഞിരുന്നു. ഈ ഗതികേട് ചിന്നത്തമ്പിക്കും ഉണ്ടാകുമെന്നാണ് പ്രകൃതിസ്നേഹികള്‍ പറയുന്നത്. ചിന്നത്തമ്പിയെ ജെ.സി.ബി. ഉപയോഗിച്ച് പിടികൂടുന്ന സമയത്തും പരിക്കേറ്റിരുന്നു. ഇപ്പോള്‍ ആന ക്ഷീണിതനുമാണ്.
Post Your Comments