KeralaLatest News

ഉത്സവപ്പറമ്പിലെ കൊലപാതകം മുന്‍ വൈരാഗ്യത്തെ തുടര്‍ന്നെന്ന് പോലീസ്

കൊല്ലം: കൊല്ലത്തെ പാവുമ്പ ക്ഷേത്ര ഉത്സവദിനത്തില്‍ യുവാവിനെ കൊലപ്പെടുത്തിയത് മുന്‍ വൈരാഗ്യത്തെ തുടര്‍ന്നെന്ന് പൊലീസ്. ചവറ ടൈറ്റാനിയം ജംഗ്ഷന്‍ കണിച്ചുകുളങ്ങര വീട്ടില്‍ ഉദയന്റെ മകന്‍ അഖില്‍ ജിത്ത്(25) കൊല്ലപ്പെട്ട സംഭവം മുന്‍ വൈരാഗ്യം മൂലമാണെന്ന് പോലീസ് പറഞ്ഞു. ആളുമാറിയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് നിലപാട് മാറ്റി. കസ്റ്റഡിയിലുള്ള ഒരാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ലെങ്കിലും നവാസ് എന്ന യുവാവാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.

അക്രമി സംഘത്തിലുണ്ടായിരുന്ന നാലുപേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ ഒളിവിലാണ്. അഖില്‍ജിത്തും ഒപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവും ശൂരനാട് ആനയടി ക്ഷേത്ര പരിസരത്ത് വച്ച ഒരു യുവാവുമായുണ്ടായ വാക്കുതര്‍ക്കത്തിന്റെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചെതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 10 ഓടെയായിരുന്നു കൊലപാതകം. വൃക്ക രോഗിയായ മാതാവിന്റെ അസുഖം ഭേതമാകാന്‍ പാവുമ്പയിലെയും ആനയടിയിലെയും ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താന്‍ പോയതായിരുന്നു അഖില്‍ ജിത്ത്. കമ്പിവടികൊണ്ട് തലയയ്ക്കടിയേറ്റ് വീണ അഖില്‍ ജിത്തിനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അക്രമത്തില്‍ കെ.എം.എം.എല്ലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നിഥിന്‍ നിവാസില്‍ ഉണ്ണികൃഷ്ണപിള്ള, മകന്‍ നിഥിന്‍, അയല്‍വാസിയായ പോലീസ് ഉദ്യോഗസ്ഥന്‍, പരിസരവാസിയായ നവാസ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ശ്രീജയാണ് കൊല്ലപ്പെട്ട അഖില്‍ജിത്തിന്റെ മാതാവ്. സഹോദരി അഖില.

shortlink

Related Articles

Post Your Comments

Related Articles


Back to top button