ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച നടത്തിയ ശ്രീനഗര്‍ സന്ദര്‍ശനത്തില്‍ ദാല്‍ തടാകത്തിലൂടെ നടത്തിയ ബോട്ട് യാത്രക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍. ശൂന്യമായിക്കിടക്കുന്ന തടാകത്തില്‍ നോക്കി മോഡി കൈവീശിക്കാണിക്കുന്നതാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ട മോഡിയുടെ ബോട്ടു യാത്രയുടെ വീഡിയോയാണ് ട്രോളുകളേറ്റത്. മോഡിയെ കാണാമെങ്കിലും മോഡി കൈവീശിക്കാണിത്തുന്ന ജനങ്ങള്‍ എവിടെയെന്നാണ് സംശയം.
കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലായിരുന്നു മോഡിയുടെ സന്ദര്‍ശനം. തടാകത്തിലേക്കുള്ള വഴികള്‍ അടക്കുകയും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചുമൊക്കെയായിരുന്നു സുരക്ഷയേര്‍പ്പെടുത്തിയത്. ഈ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ജനങ്ങളുടെ സാന്നിധ്യം പോലുമില്ലാത്ത ദാല്‍ തടാകത്തില്‍ മോഡി ആരെയാണ് കൈവീശിക്കാണിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്.
ദാല്‍ തടാകം വിസ്തൃതിയേറിയതാണ്. കരയില്‍ ആരെങ്കിലും നിന്നാല്‍ പോലും അവരെ കാണാന്‍ കഴിയാത്ത വിധം അകലത്തിലാണ് മോഡി യാത്ര ചെയ്തത്. അപ്പോള്‍ മോഡി കൈ വീശിക്കാണിച്ചത് മീനുകളെയാണോ എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് ചോദിച്ചത്. ഒഴിഞ്ഞ ശിക്കാര വള്ളങ്ങളെയും മലകളെയുമായിരിക്കുമെന്ന് മറ്റൊരാള്‍ പറയുന്നു.
അദ്ദേഹം ആവേശത്തോടെ കൈവീശിക്കാണിച്ച ജനക്കൂട്ടത്തെ പകര്‍ത്താതെ പ്രധാനമന്ത്രിയെ അപമാനിച്ചിരിക്കുകയാണ് ക്യാമറാമാന്‍ എന്ന പരിഹാസവുമായി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. കാശ്മീരിലെ ബിജെപിയുടെ എണ്ണമറ്റ ഭാവനാ സുഹൃത്തുക്കളെയായിരിക്കും അദ്ദേഹം കൈവീശിക്കാട്ടിയതെന്നായിരുന്നു മെഹബൂബ മുഫ്തി പരിഹസിച്ചത്.
Post Your Comments