കണ്ണൂര്‍ : ജാതിമേല്‍കോയ്മ ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളോട് സന്ധിചെയ്യുന്നതായിരിക്കരുത് ഇടതുപക്ഷ ആശയങ്ങളെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ്. യൂറോപ്യന്‍ ഫാസിസത്തില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ഫാസിസം പരീക്ഷിക്കുന്നത് നിഴല്‍സംഘങ്ങളെ മറയാക്കിയുള്ള ഒളിയുദ്ധമാണെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. 71ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ പ്രതിരൂപത്തിലേക്ക് വെടിയുതിര്‍ത്തത് ഉള്‍പ്പെടെ നിരവധി സംഭവങ്ങളാണ് ഈ രീതിയില്‍ അരങ്ങേറിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗാന്ധിവധമാണ് ഇന്ത്യയില്‍ സംഘപരിവാര്‍ നടത്തിയ ഭീകരപ്രവര്‍ത്തനം.
അത് പ്രതീകാത്മകമായി ആവര്‍ത്തിക്കുന്നത് രാജ്യത്തിന്റെ പ്രതികരണം അളക്കാനാണ്.
ഗാന്ധിവധത്തിന്റെ പുനരാവിഷ്‌കാരം സമൂഹത്തില്‍ അത്ര വലിയ ചലനങ്ങളുണ്ടാക്കിയില്ലെന്നത് പരിഹാസ്യമാണ്. മറ്റേതെങ്കിലും രാജ്യത്താണ് ഇത് സംഭവിച്ചതെങ്കില്‍ ഇവിടുത്തെപ്പോലെയായിരിക്കില്ല പ്രതികരണം. കേരള നിയമസഭ പ്രമേയം പാസാക്കി നാം മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തരാണെന്ന് തെളിയിച്ചു. ഗാന്ധി ജാതി മേല്‍കോയ്മയെ വെല്ലുവിളിച്ചതാണ് സംഘപരിവാരത്തെ എന്നും വേട്ടയാടുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. ജാതിയുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ സമൂഹത്തില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പുരോഗമന കലാ സാഹിത്യസംഘം നേതൃത്വത്തിലുള്ള നവകേരള സാംസ്‌കാരിക യാത്രയുടെ സ്വീകരണങ്ങളില്‍ സംസാരിക്കുകയായിരുന്നു കെ ഇ എന്‍.
Post Your Comments