രാഹുലിന് ഞെട്ടിപ്പിക്കലുകള്‍ ഇപ്പോഴൊരു വീക്നെസ്സാണ്. പ്രതീക്ഷത ദേവേശ്വറും അഭിലാഷ് കാരിയുമുള്‍പ്പടെയുള്ള 7 അംഗ സംഘം ഡല്‍ഹിയിലെ ചൈനീസ് ഭക്ഷണശാലയില്‍ കാത്തിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗങ്ങളുമായി തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്കാനായിരുന്നു. പക്ഷേ വാതില്‍ തുറന്നു അവര്‍ക്കു മുന്നിലേക്ക് എത്തിയതാകട്ടെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയും.
ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി അദ്ദേഹം ആരംഭിച്ച ‘അപ്നി ബാത് രാഹുല്‍ കെ സാത്ത് ‘ എന്ന പരിപാടിയുടെ തുടക്കമായിരുന്നു ഈ ചര്‍ച്ച. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന യുവതി യുവാക്കളുമായി അനൗപചാരികമായി ഒരു കൂടികാഴ്ചയാണ് രാഹുല്‍ നടത്തിയത്. വിളമ്പി കൊടുത്തും കുശലം പറഞ്ഞും യുവനേതാവ് അവരെ കൈയിലെടുത്തു.
പ്രധാന മന്ത്രിയുടെ ‘പരീക്ഷ പേ ചര്‍ച്ച’, ‘മന്‍ കീ ബാത്’ എന്നീ പരിപാടികളെ പരിഹസിച്ച രാഹുല്‍ ആളുകളുമായി അടുത്തിടപെഴുകാന്‍ ചെറിയൊരു സംഘത്തെ തെരെഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്. ബ്രെയ്‌ലി ലിപിയിലുള്ള പ്രകടനപത്രിക, ശൗചാലയങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ അസമത്വങ്ങള്‍, സമൂഹത്തിലെ ജാതി വേര്‍തിരിവുകള്‍ എന്നിങ്ങനെ അനേകം വിഷയങ്ങളിലേക്ക് ചര്‍ച്ച നീണ്ടു. തങ്ങളുടെ ആശയങ്ങളെ സശ്രദ്ധം ശ്രവിച്ച രാഹുല്‍ വേണ്ട നടപടികള്‍ സ്വീകരിക്കും എന്നാണ് പ്രതീക്ഷയെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു. എല്‍ ജി ബി ടി ക്യൂ പ്രവര്‍ത്തക, ഐ ഐ ടി , റ്റിസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമായായിരുന്നു ചര്‍ച്ച. എന്താണെങ്കിലും സാധാരണക്കാരിലേക്കു എത്തുവാനുള്ള രാഹുലിന്റെ മോദി മോഡല്‍ വഴികള്‍ കോണ്‍ഗ്രസിനെ തുണക്കുമോയെന്നു കണ്ടറിയണം.
Post Your Comments