ചങ്ങനാശ്ശേരി: സംസ്‌കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളതെന്നതിന് അവരുടെ ഭാഷ തെളിവാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. നായര്‍ സര്‍വീസ് സൊസൈറ്റി പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്റെ അഭിപ്രായം. ആരുകേള്‍ക്കുമെന്ന് ഉടന്‍ തെളിയിക്കാം.
എന്‍.എസ്.എസ്. പറയുന്നത് ആരും കേള്‍ക്കില്ലെന്നു പറഞ്ഞവര്‍ക്ക് എന്‍.എസ്.എസിനെക്കുറിച്ച് ഒന്നുകില്‍ അറിയില്ല, അല്ലെങ്കില്‍ രാഷ്ട്രീയലാഭം മുന്‍നിര്‍ത്തി പറഞ്ഞതാണ്. എന്‍.എസ്.എസിനെ നവോത്ഥാനം പഠിപ്പിക്കാനാണ് ഇക്കൂട്ടര്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഈ കമ്യൂണിസ്റ്റ് നേതാക്കള്‍ ജനിക്കുന്നതിനുമുമ്പ് സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്‍ അടിത്തറയിട്ട പ്രസ്ഥാനമാണിത്. ശബരിമല യുവതിപ്രവേശവും നവോത്ഥാനവുമായി യാതൊരു ബന്ധവുമില്ല -ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല യുവതിപ്രവേശവിധി ഇടതുസര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്. ഹൈന്ദവരുടെ ഈശ്വരവിശ്വാസം ഇല്ലാതാക്കുന്നതിനും ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നതിനുംവേണ്ടിയാണിത്. ശബരിമലവിഷയത്തിലും സാമ്പത്തികസംവരണവിഷയത്തിലും എന്‍.എസ്.എസിന് ഒരു നിലപാടേയുള്ളൂ. സമാധാനപരമായ മാര്‍ഗത്തിലൂടെയാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഇതു കൈകാര്യംചെയ്യുന്നത്. എസ്.എന്‍.ഡി.പി.യോടു ബഹുമാനമാണ്. സംഘടന ഏതെന്നുള്ളതല്ല, അതു നയിക്കുന്നവരുടെ നയമാണ് പ്രശ്‌നങ്ങള്‍ക്കു കാരണം-അദ്ദേഹം പറഞ്ഞു.ശബരിമല പുനഃപരിശോധനാഹര്‍ജി പരിഗണിക്കുന്ന ആറിന് വിശ്വാസികള്‍ സമീപത്തെ ക്ഷേത്രങ്ങളിലെത്തി വഴിപാടുകള്‍ നടത്തി പ്രാര്‍ഥനാനിരതരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments