KeralaLatest News

രോഗം വന്നാല്‍ നേരിടുക എന്നതിനുപകരം രോഗം വരാതെ പ്രതിരോധിക്കണം; സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യനയത്തെക്കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രോഗം വന്നാല്‍ നേരിടുക എന്നതിനുപകരം രോഗം വരാതെ മുന്‍കൂര്‍ പ്രതിരോധിക്കുക എന്നതിലൂന്നിയ ആരോഗ്യനയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിനം പ്രതിരോധത്തിനായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ആരോഗ്യ ജാഗ്രതയുടെ രണ്ടാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം ടാഗോര്‍ തീയറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യരംഗത്ത് വളരെയേറെ വെല്ലുവിളികള്‍ നേരിട്ട ഒരു വര്‍ഷമാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ അനുഭവപാഠങ്ങളുമായാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ നിപ വൈറസ് ബാധ, പ്രളയം എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നമുക്കായി. ചിട്ടയായ രോഗനിരീക്ഷണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വഴി നല്ല പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞു. ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയം നമ്മുടെ നാട്ടില്‍ സൃഷ്ടിച്ച വിപത്തുകള്‍ വിവരണാതീതമാണ്. ദുരന്തങ്ങളുടെ തുടര്‍ച്ചയെന്നോണം സാധാരണനിലയില്‍ ഉണ്ടാകാറുള്ള ജലജന്യ- കൊതുകുജന്യ രോഗങ്ങള്‍, എലിപ്പനി തുടങ്ങിയവയുടെ വന്‍തോതിലുള്ള വ്യാപനം കേരളത്തിലുണ്ടായില്ല. അതിനു കാരണം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ അടുക്കും ചിട്ടയോടുമുള്ള പ്രവര്‍ത്തനമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ ജലശുദ്ധി ക്യാമ്പയിന്‍, എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിന്‍ ക്യാമ്പയിന്‍, കൊതുകുനിയന്ത്രണ-ശുചീകരണ ക്യാമ്പയിന്‍ എന്നിവയുടെയൊക്കെ ഫലമായിട്ടായിരുന്നു അത് സാധ്യമായത്. മാതൃകാപരമായ ഇതേ പ്രവര്‍ത്തനരീതി തന്നെയാണ് വരും വര്‍ഷങ്ങളിലും പിന്തുടരേണ്ടത്.

പകര്‍ച്ചവ്യാധികളുടേയും അവമൂലമുള്ള മരണങ്ങളുടെയും പശ്ചാത്തലത്തിലാണ് ‘ആരോഗ്യ ജാഗ്രത’ എന്ന പരിപാടിക്ക് കഴിഞ്ഞ വര്‍ഷം തുടക്കംകുറിച്ചത്. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിഭാവനം ചെയ്തത്. ബഹുജന പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുന്നത്. മന്ത്രിമാരുടേയും മറ്റ് ജനപ്രതിനിധികളുടേയും നേതൃത്വം രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനും പാരിസ്ഥിതിക, സാമൂഹിക ഘടകങ്ങളായ മാലിന്യനിര്‍മാര്‍ജനം, പരിസരശുചിത്വം, കുടിവെള്ളശുചിത്വം, കൊതുകുനിയന്ത്രണം തുടങ്ങിയവയ്ക്ക് സുപ്രധാന പങ്കാണുള്ളത്.
വീട്ടുമാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌ക്കരിക്കുന്നതിനു ജനങ്ങളെ ബോധവല്‍കരിക്കണം. മാലിന്യ നിര്‍മ്മാര്‍ജനത്തിനായി നല്ല പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇതിനായി കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറുന്ന തരിശുനിലങ്ങളെ കൃഷിഭൂമികളാക്കാനും അവിടെ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും കഴിയണം. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഒരുവര്‍ഷത്തെ കലണ്ടര്‍ തയ്യാറാക്കിയുള്ള പരിപാടികളാണ് ആരോഗ്യ ജാഗ്രതയിലൂടെ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ആരോഗ്യ ജാഗ്രതയിലൂടെ പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനായെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് ഈ വര്‍ഷം കൂടുതല്‍ വിപുലമായി ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, നഗരസഭ മേയര്‍ വി.കെ. പ്രശാന്ത്, ഡോ. എ. സമ്പത്ത് എം.പി., വി.എസ്. ശിവകുമാര്‍ എം.എല്‍.എ., ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ കേരളം മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ ജാഗ്രതയുടെ പ്രചാരണാര്‍ത്ഥം ആരോഗ്യ ബോധവത്ക്കരണ റാലിയും ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തെരുവുനാടകവും സംഘടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button