മറയൂര്‍: അഞ്ചുനാട് നിവാസികള്‍ക്ക് ആഹ്ലാദം നിറച്ച് തിരുവനന്തപുരം മധുര അമൃത എക്‌സ്പ്രസ് ഉദുമലൈ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഉദുമലപേട്ടയ്ക്ക് ഉത്സവമായി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ യാത്രക്കാര്‍ കയറുകയും ഇറങ്ങുകയുംചെയ്തു. അഡ്വ. ജോയ്‌സ് ജോര്‍ജ് എംപിക്ക് അതിര്‍ത്തി കടന്നെത്തിയത് നിറയെ അനുമോദനം. എംപി ഇടപെട്ടതിനെ തുടര്‍ന്നാണ് ജില്ലാ അതിര്‍ത്തിയില്‍ ട്രെയിന്‍ എത്തിയത്. അമൃതയെ സ്വീകരിക്കാന്‍ പൊള്ളാച്ചി എംപി സി മഹേന്ദ്രന്‍, ഡിആര്‍എം നീനൂ ഇപ്‌റ്റേറ, ഡെപ്യൂട്ടി ഡിആര്‍എം ലളിത് കുമാര്‍ എന്നിവരും ആയിരക്കണക്കിന് നാട്ടുകാരും എത്തിയിരുന്നു.
രാവിലെ 9.30ന് എത്തിയ ട്രെയിന്‍ 9.35ന് സി മഹേന്ദ്രന്‍ എംപി പച്ചക്കൊടി ഉയര്‍ത്തിയതോടെ പഴനി വഴി മധുരയിലേക്ക് കൂകിപ്പാഞ്ഞു. ഹൈറേഞ്ച് നിവാസികള്‍ക്ക് ഏറെ പ്രയോജനം ഉണ്ടാകുന്ന ട്രെയിനിന്റെ വരവോടുകൂടി കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള യാത്ര കൂടുതല്‍ എളുപ്പവും ചെലവ് കുറഞ്ഞതുമാകും. അമൃത എക്‌സ്പ്രസ്(16343) തിരുവനന്തപുരത്തുനിന്ന് രാത്രി 10ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.30ന് ഉടുമലപേട്ടയിലെത്തും. തുടര്‍ന്ന് പകല്‍ 12.30 ഓടെ മധുരയിലെത്തും. മധുരയില്‍നിന്ന് പകല്‍ 3.45ന് പുറപ്പെടുന്ന ട്രെയിന്‍ 6.40ന് ഉടുമലപേട്ടയിലെത്തും.
Post Your Comments