ഡല്‍ഹി: കൊല്‍ക്കത്തയില്‍ ഇന്നലെ രാത്രിയുണ്ടായ സംഭവങ്ങള്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന നാടകമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇരുകൂട്ടരും അവരുടെ അഴിമതി മൂടിവയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനുവേണ്ടിയാണ് പതിവില്ലാത്ത സംഭവവികാസങ്ങള്‍ സഷ്ടിക്കുന്നത്. യെച്ചൂരി പറഞ്ഞു.
‘കൊല്‍ക്കത്തയില്‍ ബിജെപിയും തൃണമൂലും നടത്തുന്നത് ജനാധിപത്യത്തിനോ ഏതെങ്കിലും തത്വങ്ങള്‍ സംരക്ഷിക്കുന്നതിനോ വേണ്ടിയുള്ള കാര്യങ്ങളല്ല. അഞ്ച് കൊല്ലമായി അനങ്ങാതിരുന്ന കേസില്‍ ഇപ്പോള്‍ നടപടിയുമായിറങ്ങി ബിജെപിയും സ്വന്തം അഴിമതി മറയ്ക്കാന്‍ തൃണമൂലും നാടകം കളിക്കുകയാണ്. രണ്ട് പാര്‍ട്ടികളുടെയും അഴിമതികള്‍ മൂടിവയ്ക്കാനുള്ള നീക്കമാണ് നടത്തുന്നത്. രണ്ടുകൂട്ടരുടെയും സ്വേച്ഛാധിപത്യ, ജനാധിപത്യവിരുദ്ധ നീക്കങ്ങളെ സിപിഐ എം പ്രതിരോധിക്കും’. യെച്ചൂരി പറഞ്ഞു.
ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ പൊലീസ് കമീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. കേന്ദ്രം ബംഗാളില്‍ ഭരണഅട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ രാത്രിമുതല്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധിക്കുകയാണ്.
Post Your Comments