ബീറ്റ്റൂട്ട് എന്നാല്‍ പ്രകൃതിയുടെ പോഷക കലവറ തന്നെയാണ്. ശരീരത്തിന് കരുത്ത് പകരുന്നതിനൊപ്പം രോഗങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്റൂട്ട്. വൈറ്റമിന്‍ എ,സി, കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് ഇത്. ചര്‍മ്മത്തിന് നിറം നല്‍കുവാനും ഇത് സഹായിക്കും.
ബീറ്റ്‌റൂട്ട് നമ്മെ ആകര്‍ഷിക്കുന്നതിന്റെ മുഖ്യ കാരണം അതിന്റെ കടുത്ത നിറമാണ് എന്നതില്‍ സംശയമില്ല. ബീറ്റലിന്‍ എന്നു വിളിക്കപ്പെടുന്ന പ്രകൃതിദത്തമായ പിഗ്മെന്റ് ആണ് ബീറ്റ്‌റൂട്ടിന്റെ കടുത്ത നിറത്തിനു പിന്നില്‍. എല്ലുകള്‍ക്ക് കരുത്ത് പകരുന്ന അയോഡിന്‍, മിനറല്‍സ്, മഗ്‌നീഷ്യം എന്നിവ ബീറ്റുറൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളാലും ബീറ്റ് റൂട്ട് സമ്പന്നമാണ്. അമിത വണ്ണം കുറയുന്നതിനും ബീറ്റുറൂട്ടില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് കഴിയും. കൂടാതെ ദഹന പ്രക്രീയ വേഗത്തിലാക്കാനും വയറിന്റെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും ബീറ്റ്‌റൂട്ട് കേമനാണ്. ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് കഴിക്കുന്നതു വഴി രക്തസമ്മര്‍ദം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും. മാത്രമല്ല നിങ്ങളുടെ കരള്‍, വൃക്കകള്‍ എന്നിവ നന്നായി പ്രവര്‍ത്തിക്കാനും നല്ല ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കും. ഇതാ ബീറ്റ് റൂട്ട് ജ്യൂസ് തയ്യാറാക്കുന്ന വിധം…
ചേരുവകള്‍
ബീറ്റ് റൂട്ട് – ഒരെണ്ണം (ചെറുത്)
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി -ഒരു കഷണം
വെള്ളം – രണ്ട് ഗ്ലാസ്
ചെറുനാരങ്ങ -രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കുക. ഒരു പാത്രത്തില്‍ വെള്ളവും പഞ്ചസാരയും ബീറ്റ്റൂട്ടും ഇഞ്ചി അരിഞ്ഞതും കൂട്ടിച്ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ച് സത്ത് ഇറങ്ങിയാല്‍ ചെറുനാരങ്ങനീരും ചേര്‍ത്ത് വാങ്ങിവയ്ക്കുക. ചൂട് ആറിയതിന് ശേഷം അരിച്ച് കുപ്പിയില്‍ ആക്കിവെക്കുക. ആവശ്യാനുസരണം കുറേശ്ശെ എടുത്ത് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.
Post Your Comments