ബ്ലസ്സി സംവിധാനം ചെയ്ത ‘കാഴ്ച’ എന്ന ചിത്രത്തിൽ പ്രേക്ഷകർക്ക് മറക്കാനാകാത്ത ഒരു കഥാപാത്രമുണ്ടായിരുന്നു കൊച്ചുണ്ടാപ്രി. ഗുജറത്തിലെ ഭൂകമ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് കേരളത്തിലെത്തിയ ആ കൊച്ചു ആൺകുട്ടിയെ ആർക്കും അത്രവേഗം മറക്കാൻ സാധിക്കില്ല. ചിത്രത്തിൽ മാധവൻ എന്ന കഥാപാത്രം അവതരിപ്പിച്ച മമ്മൂട്ടിയും കൊച്ചുണ്ടാപ്രിയും തമ്മിലുള്ള സ്നേഹം കണ്ട് പലരുടെയും കണ്ണുനിറഞ്ഞിരുന്നു.
2004ല്‍ റിലീസ് ചെയ്ത ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ പതിനഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ മാധവനും കൊച്ചുണ്ടാപ്രിയും വീണ്ടും കണ്ടുമുട്ടി. ശനിയാഴ്ച മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയത്തിന്റെ നൂറാം വര്‍ഷാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും കണ്ടത്.
മമ്മൂട്ടി സംസാരിച്ചതിന് ശേഷമാണ് സംഘാടകര്‍ യഷ് അവിടെ എത്തിയിട്ടുണ്ട് എന്ന വിവരം അറിയിച്ചതും യഷിനെ വേദിയിലേക്ക് ക്ഷണിച്ചതും. മട്ടാഞ്ചേരി സ്വദേശിയായ യഷ് ഇപ്പോള്‍ ജൈപൂരില്‍ ബിസിനസ് മാനേജ്മന്റ് വിദ്യാര്‍ഥിയാണ്. വേദിയില്‍ എത്തിയ യഷിനെ മമ്മൂട്ടി സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്തു.
Post Your Comments