KeralaLatest NewsNews

ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിക്കാന്‍ സമ്മതിക്കില്ലെന്ന് ഫാന്‍സ് അസോസിയേഷന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിക്കാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാല്‍ മത്സരിച്ചാല്‍ കെട്ടിത്തൂക്കി ഇറക്കിയ സ്ഥാനാര്‍ഥിയായേ ജനങ്ങള്‍ കാണൂവെന്നും വിമല്‍ പറഞ്ഞു. മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

മോഹന്‍ലാല്‍ പൊതുസമൂഹത്തിന്റെ സ്വത്താണ്. അദ്ദേഹം ഒരു കലാകാരനാണ്. രാജ്യം നിരവധി അവാര്‍ഡുകള്‍ നല്‍കി ആദരിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. അത്തരത്തിലുള്ള ഒരാളെ രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടുവന്ന് ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ക്ക് വിധേയനാക്കാനാണോ ആഗ്രഹിക്കുന്നത് എന്നും വിമല്‍ ചോദിച്ചു.

ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എതിര്‍പ്പുമായി ഫാന്‍സ് അസോസിയേഷന്‍കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു നടനെ വെച്ചല്ല ഒരു രാഷ്ട്രീയ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടത്. പാര്‍ട്ടികളുടെ നിലപാടുകളും നയങ്ങളും വച്ചാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റില്‍ പോയി ഒന്നും ചെയ്യാത്തതിന്റെ പേരില്‍ ഇന്നസെന്റിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ പോലും ആളുകള്‍ കൂക്കി വിളിക്കുകയാണ്. മുകേഷിന്റെ കാര്യവും അങ്ങനെതന്നെയാണ്. മുകേഷും മണ്ഡലത്തില്‍ തിരിഞ്ഞ് നോക്കുന്നില്ല എന്നും വിമല്‍ പറഞ്ഞു.

സുരേഷ് ഗോപി സിനിമയില്‍ നിന്നും സ്വയം അവധി എടുത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ആളാണ്. എന്നാല്‍ മോഹന്‍ലാല്‍ അതുപോലെ അല്ല. അദ്ദേഹത്തിന് ഒരുപാട് സിനിമകള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. അതേസമയം മോഹന്‍ലാലിന്റെ കേരളത്തിലെ ഏറ്റവും വലിയ ഫാന്‍സ് അസോസിയേഷന്‍ സംഘടനയായ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ മോഹന്‍ലാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതിനിടെ മോഹന്‍ലാലിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി സുഹൃത്തും നിര്‍മാതാവുമായ സുരേഷ് കുമാര്‍ രംഗത്തെത്തി. മോഹന്‍ലാലിന് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യമില്ലെന്നും സ്ഥാനാര്‍ത്ഥിയാകാന്‍ മോഹന്‍ലാലിനെ ആരും ചെന്ന് കണ്ടിട്ടില്ലെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. മോഹന്‍ലാലിന് രാഷ്ട്രീയ നിലപാടുകളുണ്ടാകാം. എന്നാല്‍ അദ്ദേഹത്തിന് സിനിമയില്‍ തുടരാനാണ് താത്പര്യമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. സിനിമയാണ് അദ്ദേഹത്തിന് എല്ലാം. അദ്ദേഹം സിനിമാ അഭിനയം തുടര്‍ന്നുകൊണ്ട് പോകുന്നതാണ് നല്ലതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button