വിഷമഴപെയ്ത ഭൂമിയില്‍ നിന്നും അവകാശങ്ങള്‍ക്കായി കുറേമനുഷ്യജീവിതങ്ങള്‍ പോരാട്ടം തുടങ്ങിയിട്ട് നാളുകള്‍ പിന്നിടുന്നു. സെക്രട്ടറിയേറ്റിനുമുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണിസമരം അഞ്ചാം ദിവസം പിന്നിട്ടിരിക്കുകയാണ്. അതോടൊപ്പം അര്‍ഹരായ മുഴുവന്‍ പേരെയും ദുരിതബാധിതരുടെ പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്രയും നടത്തുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
2001 ലാണ് കശുമാവിന്‍ തോട്ടങ്ങളില്‍ ആകാശത്തുനിന്ന് എന്‍ഡോസള്‍ഫാന്‍ മരുന്നു തളിക്കുന്നതിന് താല്‍ക്കാലിക നിരോധനം വരുന്നത്. കൃഷിവകുപ്പില്‍ നിന്ന് അസിസ്റ്റന്റായി വിരമിച്ച ലീലാകുമാരിയമ്മയാണ് എന്‍ഡോസള്‍ഫാനെതിരെ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതിയെ സമീപിച്ച് അത്തരമൊരു വിധി സമ്പാദിച്ചത്. തുടര്‍ന്ന് 2003ല്‍ ഹൈക്കോടതി ഈ വിധി ശരിവെച്ച്, സ്ഥിരം നിരോധനം ഏര്‍പ്പെടുത്തി.അങ്ങനെ 2004ല്‍ കേരള സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായും നിരോധിക്കുകയായിരുന്നു.
1977 മുതല്‍ 2000 വരെ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു. നിരോധനം വന്നിട്ട് ഇപ്പോള്‍ 19 കൊല്ലമാകുന്നു. ഇക്കാലമത്രയും ഒരു ജനത തലമുറവ്യത്യാസത്തോടെ മാരക വിഷത്തിന്റെ ഇരകളായി ജീവിതം ഹോമിക്കേണ്ടി വരികയാണ്. 19 എന്നല്ല ഇനിയൊരു അമ്പത് വര്‍ഷത്തേക്കു കൂടി ഈ രോഗദുരിതം കാസര്‍ഗോഡെ വിവിധ പഞ്ചായത്തുകളില്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
കാസര്‍കോട് ജില്ലയിലെ 4500 ഏക്കറോളം വരുന്ന സര്‍ക്കാര്‍ വകയായുള്ള കശുമാവിന്‍ തോട്ടങ്ങളുടെ പരിസരങ്ങളിലായി പതിനൊന്ന് പഞ്ചായത്തുകളില്‍പ്പെട്ട നിരവധി ജനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ എന്ന വിഷഭീകരന്‍ വരുത്തിവെച്ച കെടുതികള്‍ അനുഭവിച്ചുകൊണ്ട് ജീവിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളായ എത്രയോ സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഇതിനകം മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. ജനിതകവൈകല്യങ്ങള്‍ ബാധിച്ച് മരണതുല്യമായ നരകജീവിതം തള്ളിനീക്കുന്ന അനേകം പേര്‍ ഇപ്പോഴുമുണ്ട്.
2017ല്‍ സംസ്ഥാന സര്‍ക്കാറിന്റെ കണക്കുപ്രകാരം പട്ടികയിലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എണ്ണം 5848 ആയിരുന്നു.ഇവര്‍ക്കെല്ലാം അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുണ്ടായത് 2017 ജനുവരിയിലാണ്. ഏപ്രില്‍ മാസത്തിനകം തന്നെ ഈ തുകകള്‍ കൊടുത്തുതീര്‍ക്കണമെന്ന നിര്‍ദേശവും സുപ്രീം കോടതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി മുഖ്യമന്ത്രിയെ കാണുകയും നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.ഏറ്റവുമൊടുവിലായി ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ് ദുരിത ബാധിതര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമുന്നില്‍ സങ്കകടയായത്രയുമായി എത്തുന്നത്.
2016ല്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവകേരള എന്ന പേരില്‍ ഒരുമാര്‍ച്ച് നടത്തിയിരുന്നു. ആ യാത്രയ്ക്ക് തുടക്കം കുറിച്ചത് എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റ് ജീവിതം ദുരിതത്തില്‍ മുങ്ങിയ കുഞ്ഞുങ്ങള്‍ക്ക് മധുരം നല്‍കിയായിരുന്നു. ഈ യാത്ര അവസാനിച്ച് ആധികനാള്‍ കഴയും മുമ്പേ സിപിഎം സംസ്ഥാന സെക്രട്ടറിയില്‍ നിന്നും പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഇന്ന് അതേ ദുരിുതമഖങ്ങള്‍ തന്നെയാണ് സങ്കടയാത്രയുമായി ഇങ്ങ് തലസ്ഥാന നഗരിയില്‍ മുഖ്യനെ കാണാനായെത്തിയിരിക്കുന്നത്. ഭരണത്തിന്റെ ആദ്യ നൂറുദിനങ്ങള്‍ പിന്നിട്ടപ്പോള്‍ സര്‍ക്കാര്‍ തങ്ങള്‍ ചെയ്തെന്ന് അവകാശപ്പെട്ട കാര്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ മേഖലയോട് കാണിച്ച അനുകൂല പ്രവര്‍ത്തികളുമുണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതും, ചികിത്സ ചെലവായി മെഡിക്കല്‍ കോളേജുകള്‍ക്ക് കൊടുക്കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ക്കാന്‍ മൂന്നു കോടി അനുവദിച്ചതും അതില്‍ പ്രധാനമായിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള മറ്റൊരു വാഗ്ദാനമായിരുന്നു ഓണസമ്മാനമായി ആയിരം രൂപ വീതം നല്‍കുമെന്നത്. എത്രയോ ഓണക്കാലങ്ങള്‍ കടന്നുപോയിട്ടും വിഷമഴയുടെ ഇരകളുടെ കാര്യത്തില്‍ യാതൊരു തീരുമാനവുമായിട്ടില്ല. പ്രതീക്ഷകളെല്ലാം വെറുതെയായി എന്ന തിരച്ചറിവാണ് അവരെയിപ്പോള്‍ വീണ്ടും സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരത്തിന് എത്തിച്ചിരിക്കുന്നത്.വീണ്ടുമൊരു സമരത്തിനിറങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് മറ്റൊന്നുമല്ല ചര്‍ച്ചകളിലും കടലാസുകളിലും മാത്രമായ് ഒതുങ്ങുന്ന വാഗ്ദാനങ്ങളാണ്. അവയില്‍ പ്രധാനപ്പെട്ട ചിലകാര്യങ്ങളാണ്
2017 ലെ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ അര്‍ഹരായ മുഴുവന്‍ ദുരിതാബാധിതരേയും പട്ടികയില്‍പ്പെടുത്തുക. 2017 ജനുവരി 10 ന് സുപ്രിം കോടതി ഇറക്കിയ ദുരിതബാധിതര്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം എന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുക, ആവശ്യമായ ചികിത്സ ലഭ്യമാക്കുക, ദുരിതബാധിതരുടെ കടങ്ങള്‍ പൂര്‍ണമായി എഴുതി തള്ളുക, 2013ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക,ഗോഡൗണിലെ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കുക പെന്‍ഷന്‍ തുക 5000 രൂപയായി വര്‍ദ്ധിപ്പിക്കുക ദുരിതബാധിത കുടുംബത്തിലെ 1 അംഗത്തിന് ജോലി നല്‍കണമെന്ന നിയമസഭ സമിതിയുടെ നിര്‍ദേശം നടപ്പാക്കുക എന്നിവയെല്ലാം. ഇവയൊന്നും ഇന്നോ ഇന്നലയോ പൊട്ടിമുളച്ചവയല്ല, വര്‍ഷങ്ങളായി ഇരകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ആവശ്യങ്ങളാണ്.
ജീവിതകാലം മുഴുവന്‍ ദുരിതം പേറാന്‍ വിധിക്കപ്പെട്ടവരാണ് ഓരോ എന്‍ഡോസള്‍ഫാന്‍ ഇരയും അവരുടെ രക്ഷകര്‍ത്താക്കളും. ഇടത് വലത് മുന്നണികള്‍ മാറിമാറി വരുമ്പോഴും അര്‍ഹമായ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുകയാണ് കാസര്‍ഗോഡെ ഈ ദുരിത ജീവിതങ്ങള്‍, ആവശ്യങ്ങള്‍ അംഗീകരിക്കാതെ പട്ടിണി സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു തന്നെയാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടു കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും അടക്കം മുപ്പതംഗ സംഘം സമരം തുടരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലേക്ക് നടത്തുന്ന സങ്കടയാത്രയ്‌ക്കെങ്കിലും ഫലം കാണുമോ എന്ന് കണ്ടുതന്നെ അറിയണം.
Post Your Comments