Kerala

കുഞ്ഞുങ്ങളുടെ സുരക്ഷ ഏറെ പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് ഇന്നത്തെ കാലത്ത് ഏറെ പ്രധാനമാണെന്നും ഇതിൽ ശിശുക്ഷേമസമിതി കാട്ടുന്ന ജാഗ്രതയ്ക്ക് സമൂഹത്തിന്റെയും സർക്കാരിന്റെയും പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആസ്ഥാനത്ത് നവീകരിച്ച അമ്മത്തൊട്ടിലിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് എല്ലാവിധ സംരക്ഷണവും ഒരുക്കുന്നതിനാണ് ഹൈടെക് അമ്മത്തൊട്ടിൽ സ്ഥാപിച്ചിരിക്കുന്നത്. നിർഭാഗ്യാവസ്ഥയിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളിൽ നല്ല അന്തരീക്ഷത്തിൽ വളരുന്ന കുട്ടികളുടെ മാനസികോല്ലാസം വളർത്തിയെടുക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ സ്ഥാനത്തുനിന്ന് കരുതലും ലാളനയും സ്‌നേഹവും നൽകേണ്ട പ്രധാന ചുമതല ആയമാർക്കാണ്്. അത് ഏറ്റവും വലിയ പുണ്യപ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ, സാമൂഹികനീതിമന്ത്രി കെ.കെ. ശൈലജടീച്ചർ അധ്യക്ഷത വഹിച്ചു. കുഞ്ഞുങ്ങൾക്കു നൽകാനാവുന്ന ഏറ്റവും വലിയ സ്‌നേഹവും ബഹുമാനവുമാണ് പുതിയ സംവിധാനത്തിലൂടെ ശിശുക്ഷേമസമിതി ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വി.എസ്.ശിവകുമാർ എം.എൽ.എ, സാമൂഹികനീതി, വനിത-ശിശുവികസനവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, ഡയറക്ടർ ഷീബ ജോർജ്, നഗരസഭ കൗൺസിലർ വിദ്യാമോഹൻ, ശിശുക്ഷേമസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അഡ്വ.എസ്.പി.ദീപക് സ്വാഗതവും ട്രഷറർ ജി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

സാമൂഹികനീതി വകുപ്പിന്റെ നിർദ്ദേശപ്രകാരം 2002 നവംബർ 14 മുതൽ പ്രവർത്തനം ആരംഭിച്ച അമ്മത്തൊട്ടിൽ പുത്തൻ സാങ്കേതിക വിദ്യയോടെ പുനർനിർമ്മിച്ചിരിക്കുകയാണ്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. സെൻസർ, ഇന്റർനെറ്റ് എന്നിവ മുഖേന പ്രത്യേക ആപ്പിൽ നിയന്ത്രിക്കുന്ന സംസ്ഥാനത്തുടനീളമുള്ള അമ്മത്തൊട്ടിലുകൾ സദാസമയവും തലസ്ഥാനത്ത് നിന്ന് വീക്ഷിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. അമ്മത്തൊട്ടിലിൽ കുട്ടികളെത്തുന്ന സമയത്തു തന്നെ ജില്ലാകളക്ടർ, സമിതി അധികൃതർ എന്നിവർക്ക് സന്ദേശമെത്തും. തൊട്ടിലിൽ വീഴുന്ന കുട്ടികളുടെ ശാരീരിക അവസ്ഥ സംബന്ധിച്ച വിവരങ്ങൾ വരെ ഈ ആപ്പിലുടെ അധികൃതർക്ക് സന്ദേശമായി ലഭിക്കും. കുട്ടിയെ തൊട്ടിലിൽ കിടത്തുന്നവരുടെ കൈകൾ മാത്രം കാണത്തക്കവിധമാണ് നിരീക്ഷണക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. കുഞ്ഞിന്റെ തൂക്കം ഉൾപ്പെടെയുള്ള വിവരങ്ങളും രേഖപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button