ഇസ് ലാമാബാദ്: ഇന്ത്യ-പാക് നയതന്ത്രബന്ധം ഉലയുന്നു. പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി കശ്മീരിലെ ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്നാണ് നയതന്ത്ര അസ്വാരസ്യം ഉണ്ടായത്. ഖുറേഷിയുടെ നടപടിയെ അപലപിക്കാന്‍ കഴിഞ്ഞദിവസം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പാക് ഹൈക്കമ്മിഷണര്‍ സൊഹൈല്‍ മഹമൂദിനെ വിളിപ്പിച്ചിരുന്നു. മറുപടിയായി വ്യാഴാഴ്ച പാക് വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാന്‍ജ്വ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയെ വിളിപ്പിച്ച് പ്രതിഷേധം അറിയിച്ചു. കശ്മീര്‍ ജനതയ്ക്കുള്ള പാക് പിന്തുണ തുടരുമെന്ന് തെഹ്മിന അജയ് ബിന്‍സാരിയോട് വ്യക്തമാക്കിയതായി ഡോണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു.
ചൊവ്വാഴ്ചയാണ് ഷാ മെഹമൂദ് ഖുറേഷി ഉമര്‍ ഫാറൂഖിനെ വിളിച്ച് കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ പാകിസ്താന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സംസാരിച്ചത്. പിന്നാലെ ഖുറേഷിക്കെതിരേ കടുത്ത പരാമര്‍ശവുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രംഗത്തെത്തി. ഏറ്റവും ഒടുവില്‍, ഇന്ത്യയുടെ ഐക്യവും പരമാധികാരവും അട്ടിമറിക്കാനുള്ള നാണംകെട്ട നടപടി ഉണ്ടായിരിക്കുന്നത് പാക് വിദേശകാര്യ മന്ത്രിയില്‍നിന്നാണെന്നായിരുന്നു ഗോഖലെയുടെ പ്രതികരണം.
Post Your Comments