തിരുവനന്തപുരം : പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഇടക്കാല ബജറ്റായിട്ടുപോലും കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വിഹിതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട തുകയില്‍ 26,639 കോടി രൂപയുടെ കുറവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. പ്രളയക്കെടുതിയെ അതിജീവിക്കാനും നമ്മുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും കേരളത്തിന് പ്രത്യേക പാക്കേജ് ലഭ്യമാക്കിയില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ബജറ്റില്‍ നിര്‍ദേശമില്ല.സാമൂഹ്യക്ഷേമരംഗത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പലതും സംസ്ഥാനത്ത് നേരത്തേ തന്നെ കൂടുതല്‍ നല്ല നിലയില്‍ നടപ്പിലാക്കിയിട്ടുള്ളതാണെന്നും സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ :
പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള ഇടക്കാല ബജറ്റായിട്ടുപോലും കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ല.
കേന്ദ്ര ബജറ്റ് സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന വിഹിതം പോലും വെട്ടിക്കുറക്കുന്നതാണ്. സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നികുതി ഓഹരി പോലും ലഭിക്കാത്ത നിലയാണ് ഉണ്ടാകാന്‍ പോകുന്നത്. കേന്ദ്ര വിഹിതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട തുകയില്‍ 26,639 കോടി രൂപയുടെ കുറവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയതിലൂടെ നികുതി വരുമാനത്തിലുണ്ടായിട്ടുള്ള കുറവിനു പുറമെ 38,265 കോടി രൂപ ജിഎസ്ടി കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുകയാണ്.
പ്രളയക്കെടുതിയെ അതിജീവിക്കാനും നമ്മുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും കേരളത്തിന് പ്രത്യേക പാക്കേജ് ലഭ്യമാക്കിയില്ല. കേരളത്തിന്‍റെ ചിരകാല ആവശ്യമായിരുന്നു എയിംസ്. ബജറ്റില്‍ അനുമതിയില്ലാത്തതുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനത്തെ നേരത്തെ അറിയിച്ചത്. ഇത്തവണത്തെ ബജറ്റിലും കേരളത്തിന് ഇത് അനുവദിച്ചിട്ടില്ല. എന്നാല്‍, മറ്റു ചില സംസ്ഥാനങ്ങളില്‍ പുതുതായി പ്രഖ്യാപിക്കുകയും ചെയ്തു. കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയെക്കുറിച്ചാവട്ടെ മിണ്ടാട്ടമില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ബജറ്റില്‍ നിര്‍ദേശമില്ല.
റബ്ബര്‍ വില സ്ഥിരതാ ഫണ്ടിനെക്കുറിച്ചും ബജറ്റ് മൗനമാണ് അവലംബിച്ചിരിക്കുന്നത്. മാത്രമല്ല, ഇറക്കുമതി ചുങ്കങ്ങള്‍ക്ക് ഇനിയും ഇളവ് നല്‍കും എന്ന പ്രഖ്യാപനം കേരളത്തിന്‍റെ കാര്‍ഷിക സമ്പദ്ഘടനയെ തകര്‍ക്കും.
40 വര്‍ഷത്തെ എറ്റവും വഷളായ തൊഴില്‍ നിലയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത് എന്ന് എന്‍.എസ്.എസ്.ഒ കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് പുറത്തുവിടാന്‍ അനുവദിക്കാത്തതിന്‍റെ പേരിലാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ നിന്ന് അവശേഷിക്കുന്ന രണ്ട് പേരും രാജിവച്ചത്. ആ ഘട്ടത്തിലാണ് ഇന്ത്യയിലെ യുവാക്കള്‍ തൊഴിലന്വേഷകരല്ല, തൊഴില്‍ ദായകരാണ് എന്ന ബജറ്റ് പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. ഗ്രാമീണമേഖലയില്‍ തൊഴില്‍ ലഭ്യമാക്കാനായി രൂപീകരിക്കപ്പെട്ടിട്ടുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി ചലിപ്പിക്കാനോ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തുന്നതിനോ ഉള്ള വിഹിതം ഈ ബജറ്റിലില്ല.
65 കോടി ആളുകള്‍ കൃഷിയെ ആശ്രയിച്ചുകഴിയുന്ന രാജ്യത്ത് 75,000 കോടി രൂപ മാത്രം നീക്കിവെച്ചുകൊണ്ട് കര്‍ഷകര്‍ക്കായി ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു എന്നത് ആ മേഖലയിലെ പ്രശ്നങ്ങളെ സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ല എന്നതിന് ഉദാഹരണമാണ്.
കള്ളപ്പണം ഇല്ലാതാക്കി ഒരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നല്‍കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പെ വാഗ്ദാനം നല്‍കിയവരാണ് അതൊന്നും നിറവേറ്റാതെ കള്ളപ്പണമില്ലാതാക്കി എന്ന പ്രസ്താവന ഇറക്കിയിരിക്കുന്നത്. റദ്ദാക്കിയ നോട്ടുകളുടെ 99.3 ശതമാനവും തിരികെ എത്തിയിട്ടും അതിലൂടെ കള്ളപ്പണം ഇല്ലാതാക്കി എന്ന് പറയുന്നത് അസംബന്ധമാണ്.
വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടിയും ബജറ്റിലില്ല. പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചകവാതത്തിന്‍റെയും കുതിച്ചുയരുന്ന വിലയെ നിയന്ത്രിക്കുന്നതിനുള്ള ഒരു ഇടപെടലും ബജറ്റില്‍ കാണാനില്ല. സാമൂഹ്യക്ഷേമരംഗത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പലതും സംസ്ഥാനത്ത് നേരത്തേ തന്നെ കൂടുതല്‍ നല്ല നിലയില്‍ നടപ്പിലാക്കിയിട്ടുള്ളതാണ്.
സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രബജറ്റ് നിരാശാജനകമാണ്.
https://www.facebook.com/PinarayiVijayan/posts/2118531734905312?__xts__[0]=68.ARC8wOBDBTbPZa3immCSQOpj97tsGoxPBXKFiFzS3P9vCw1iI7b34anXLJmtKnH1Q8uSTc2DDAYuGnmO52F3vaxiIs2-OnnxlSaxn3C_L3YRMBVn9dYVPcbtX2lyMhX0pu0NR9Bb_jHYknaRjTybyA7Ct6NBh7-ePxfZ1KzU2AtG61hifQu9QYYkJCgDSSdj1GJTMIqE_G40j33pGY0P-okB5ZCLUqvp3Se320vrLDKyC4MH-LEv4ZTdAHLuYcXX9r0-rT_LsKGfvXmr5VkVeuB7KbMRFmRgYA0GdNSI-iv7V0SrV_UCpzctheYshTShQFMJI79xjDvoBt8MSk3KRg&__tn__=-R
Post Your Comments