കൊല്ലം : മണ്‍റോതുരുത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ പുത്തന്‍ പദ്ധതികളുമായി സര്‍ക്കാര്‍. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പദ്ധതികളിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ നേരിടുന്ന തുരുത്തിലെ ജീവനോപാധി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
കുട്ടനാട് അന്തര്‍ദേശീയ കായല്‍കൃഷി ഗവേഷണകേന്ദ്രം സമര്‍പ്പിച്ച പ്രോജക്ടിന് പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് പച്ചക്കൊടി കാട്ടിയതോടെയാണ് മാതൃകാ പദ്ധതി നടപ്പാക്കുന്നത്. ഓരുജല നെല്‍ക്കൃഷിയും കൂടു മത്സ്യക്കൃഷിയും നടപ്പാക്കുന്നതിന് പരിസ്ഥിതി വകുപ്പ് 91 ലക്ഷം രൂപയാണ് അനുവദിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൊല്ലത്ത് പരിസ്ഥിതി കാലാവസ്ഥാ വകുപ്പും സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയും സംയുക്തമായി നടത്തിയ ശില്‍പ്പശാലയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഗവേഷണങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഉപ്പ് വേലിയേറ്റത്തെ തുടര്‍ന്ന് തൊഴിലെടുക്കാന്‍ പോലും കഴിയാതെ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെ ഓരിനെ അതിജീവിക്കുന്ന പൊക്കാളി ഉള്‍പ്പെടെയുള്ള നെല്ലിനങ്ങള്‍ കൃഷിചെയ്യും. ഇവയ്ക്കിടയില്‍ മത്സ്യങ്ങളെ വളര്‍ത്താനും വിളവെടുപ്പിനു ശേഷം മത്സ്യക്കൃഷിയും മറ്റിടങ്ങളില്‍ താറാവു കൃഷിയും ഒരുക്കി മാതൃകാ സംയോജിത കൃഷിയാണ് ലക്ഷ്യമിടുന്നത്.
Post Your Comments