Latest NewsKerala

ടൂറിസത്തിന് പുത്തനുണര്‍വ് നല്‍കുന്ന ബജറ്റ്, ശബരിമലയ്ക്കുള്ള ബജറ്റ് വിഹിതം വിശ്വാസികളോടുള്ള പ്രതിബദ്ധതയുടെ തെളിവ് – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്ന ബജറ്റാണ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് അവതരിപ്പിച്ചതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള ബോട്ട് ലീഗും, സ്പൈസസ് റൂട്ട് പദ്ധതിയും, ടൂറിസം നയത്തില്‍ പ്രഖ്യാപിച്ച ടൂറിസം സംരംഭകത്വ ഫണ്ടും, വെസ്റ്റ് കോസ്റ്റ് കനാല്‍പാതയും അടക്കമുള്ളവ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റത്തിന് വഴി തെളിക്കും. 372 കോടി രൂപയാണ് ടൂറിസം മേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പ്രളയ ശേഷം ടൂറിസം മേഖലയ്ക്കുണ്ടായ മാന്ദ്യം മറികടക്കാന്‍ ഇതില്‍ നിന്നും 82 കോടി രൂപ വിദേശരാജ്യങ്ങളിലടക്കം മാര്‍ക്കറ്റിംഗിനായി നീക്കിവെച്ചിട്ടുമുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 132 കോടി രൂപ വകയിരുത്തിയത് ഏറെ സ്വാഗതാര്‍ഹമാണെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയ്ക്കുള്ള ബജറ്റ് വിഹിതം വിശ്വാസികളോടുള്ള പ്രതിബദ്ധതയുടെ തെളിവ്

തിരുപ്പതി മാതൃകയില്‍ ശബരിമലയില്‍ സൗകര്യങ്ങളൊരുക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കുന്നതിന് മുന്നോടിയാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലും, പമ്പയിലും, നിലയ്ക്കലിലും ആധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതിന് 141.75 കോടി രൂപയുടെ പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കുന്നത് ഉള്‍പ്പെടെ 739 കോടി രൂപയുടെ പദ്ധതികള്‍ ശബരിമലയുമായി ബന്ധപ്പെട്ട് നടപ്പാക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയും, മലബാര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കായി 36 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കേരള ബാങ്ക് ഈ വര്‍ഷം തന്നെ ആരംഭിക്കാനാകും – സഹകരണ മന്ത്രി

കേരള സഹകരണ ബാങ്ക് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന് എല്ലാ പിന്തുണയും നല്‍കുന്ന ബജറ്റ് സഹകരണ മേഖലയ്ക്ക് ആവേശം നല്‍കുന്നതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എണ്ണൂറിലധികം ശാഖകളോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായി കേരള ബാങ്ക് മാറും. റബ്കോയുടെയും മാര്‍ക്കറ്റ് ഫെഡിന്റെയും കിട്ടാക്കടമായ 306 കോടി രൂപ സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായതോടെ കേരള ബാങ്കിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി മറികടക്കാനായിട്ടുണ്ട്. സഹകരണ മേഖലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ബജറ്റില്‍ ലഭിച്ചിട്ടുണ്ട്. കേരഗ്രാമങ്ങളെ സഹകരണ ബാങ്കുകളുമായി ബന്ധിപ്പിക്കുന്നത് അടക്കമുള്ള പദ്ധതികള്‍ കൂടുതല്‍ ജനകീയമായ ഇടപെടലുകള്‍ക്ക് സഹകരണ പ്രസ്ഥാനത്തിന് സാധ്യതയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button