തിരുവനന്തപുരം: പ്രളയ പുനർനിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഒരു ശതമാനം സെസ് കാരണം സാധനങ്ങളുടെ വില വർദ്ധിക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്. പരമാവധി വിൽപന വിലയ്ക്കുള്ളിൽ തന്നെ ഒരു ശതമാനം സെസ് ഉൾപ്പെടുത്താനാവും. നികുതി വർദ്ധന ഒരിക്കലും ഇടതുപക്ഷ നയമല്ല. പ്രകൃതി ദുരന്തം സംഭവിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഒരു ശതമാനം സെസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിന് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചതാണ്. ഇത് ശാശ്വത നികുതിയല്ല. രണ്ടു വർഷത്തേക്കാണ് ജി. എസ്. ടി കൗൺസിൽ അനുവാദം നൽകിയിരിക്കുന്നത്. പ്രളയമുണ്ടായ സാഹചര്യത്തിൽ വിഭവ സമാഹരണത്തിന് കൂടുതൽ വരുമാനം ഉണ്ടാവണം. ഒരു ശതമാനം സെസ് ഏർപ്പെടുത്തിയാൽ വലിയ വിലക്കയറ്റം ഉണ്ടാവുമെന്ന് പറയുന്നവർ വിലക്കയറ്റത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
മുൻപ് ധനമന്ത്രിയായിരുന്ന വേളയിൽ വാറ്റ് നികുതി ഒരിക്കൽ പോലും വർദ്ധിപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കഴിഞ്ഞ സർക്കാർ 12 ശതമാനമായിരുന്ന വാറ്റ് നികുതി 14.5 ശതമാനമായി വർദ്ധിപ്പിച്ചു. പെട്രോളിന് മൂന്ന് ശതമാനം നികുതി വർദ്ധനയുണ്ടായി. ഇതൊക്കെ നടപ്പാക്കിയവർ മറുപടി പറയണം. സംസ്ഥാനത്തെ സംബന്ധിച്ച് റവന്യുകമ്മി കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 15,500 കോടി രൂപ റവന്യു വരുമാനം കൂടും. ഇതിൽ സെസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഉണ്ടാവുന്ന വർദ്ധന 1750 കോടി രൂപ മാത്രമാണ്. അതേസമയം 100 രൂപ വീതം ക്ഷേമപെൻഷൻ കൂട്ടിയതിലൂടെ ഈ തുക മുഴുവൻ ജനങ്ങൾക്ക് തന്നെ തിരിച്ചു നൽകുകയാണ്.
ഈ ബഡ്ജറ്റ് സെഷൻ പൂർത്തിയായാലുടൻ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തൃശൂരിൽ നടക്കും. ജീവനക്കാർക്ക് പ്രചോദനം പകർന്ന് നികുതി പിരിവ് ഊർജിതമാക്കും. വിവിധ വകുപ്പുകൾ പദ്ധതികൾ ആവർത്തിക്കുന്നതിനു പകരം ഓരോ മേഖലയിലും സമഗ്രമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. തീരദേശ മേഖലയ്ക്കും വിപുലമായ പദ്ധതികളാണ് ബഡ്ജറ്റിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണം മാത്രമല്ല പ്രളയപുനർനിർമാണമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗൗരവമാണ്. കേരളം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. എന്നാൽ പണമില്ലെന്ന് പറഞ്ഞിരിക്കാതെ വെല്ലുവിളി നേരിടാനൊരുങ്ങുകയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനമാണ് ചെലവ് വർദ്ധിച്ചിരിക്കുന്നത്. റവന്യു കമ്മി ഒരു ശതമാനത്തിലേക്ക് കൊണ്ടുവരികയും ധനകമ്മി മൂന്നു ശതമാനത്തിൽ നിറുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments