അലഹബാദ്: വീട്, അമ്മ, അച്ഛന്‍ ഉള്‍പ്പടെ എല്ലാം ഉപേക്ഷിച്ചവരാണ് സന്ന്യാസിമാര്‍. പിന്നെ എന്തുകൊണ്ട് നമുക്ക് പുകവലി ഉപേക്ഷിക്കാന്‍ കഴിയുന്നില്ല എന്ന് ബാബ രാംദേവ്. മാത്രമല്ല നമ്മള്‍ രാമനേയും കൃഷ്ണനേയുമാണ് പിന്തുടരുന്നത് എന്നും അവര്‍ ജീവിതത്തില്‍ ഒരിക്കലും പുകവലിച്ചിരുന്നില്ല എന്നും പിന്നെന്തിനാണ് നമ്മള്‍ പുകവലിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ആ ശീലം ഉപേക്ഷിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രതിജ്ഞ എടുക്കാനും ആദ്ദേഹം നിഷ്കർഷിച്ചു.
കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ സന്യാസിമാരോടാണ് പുകവലി ഉപേക്ഷിക്കണമെന്ന ഉപദേശവുമായ് യോഗാചാര്യന്‍ ബാബാ രാംദേവ് രംഗത്തെത്തിയത്. ഉപദേശിക്കുക മാത്രമല്ല കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ സന്ന്യാസിമാരില്‍ നിന്നും ഹുക്ക ഉള്‍പ്പടെയുള്ളവ പുകവലിക്കായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ രാംദേവ് പിടിച്ചെടുക്കുകയും ചെയ്തു.
കൂടാതെ സന്ന്യാസിമാരില്‍ നിന്ന് പിടിച്ചെടുത്ത ഹുക്കകള്‍ എല്ലാം താന്‍ നിര്‍മ്മിക്കുന്ന പുതിയ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കുമെന്നും രാംദേവ് പറഞ്ഞു.
55 ദിവസം നീളുന്ന കുംഭ മേള മാര്‍ച്ച് നാലിന് ആണ് അവസാനിക്കുന്നത്. ഗംഗ, യമുന, സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമ വേദിയില്‍ കുംഭമേളയിൽ ഏകദേശം 13 കോടിയിൽ അധികം ആളുകളാണ് സ്നാനത്തിനായി എത്തുന്നത്.
Post Your Comments