
ചരിത്രവും ഐതീഹ്യവും ലയിയ്ക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. മഹാവിഷ്ണുവിനെ പാര്‍ത്ഥസാരഥിയായി സങ്കല്‍പ്പിച്ചാണ് ഇവിടെ പൂജകള്‍ നടത്തുന്നത്. വലതുകയ്യില്‍ ചമ്മട്ടിയും ഇടതുകയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്നതാണ് ഇവിടുത്തെ പ്രതിഷ്ഠയുടെ രൂപം, അത്യപൂര്‍വ്വമാണ് വിഷ്ണുവിന്റെ ഈ രൂപം.
എഡി 790ല്‍ അന്നത്തെ നാട്ടുരാജാവായിരുന്ന ചെമ്പകശേരി പൂരാടം തിരുനാല്‍ ദേവനാരായണനാണ് ഈക്ഷേത്രം പണികഴിപ്പിച്ചത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയാണ് മൂലം നാളില്‍ ചമ്പക്കുളത്ത് രാജപ്രമുഖന്‍ വള്ളംകളി അരങ്ങേറുന്നത്. വില്വമംഗലം സ്വാമിയാരാണ് ക്ഷേത്രത്തിന് സ്ഥാനം നിര്‍ണ്ണയിച്ചതെന്നാണ് ഐതീഹ്യം. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നും കഥകളുണ്ട്. ക്ഷേത്രപ്രതിഷ്ഠാ സമയത്ത് അഷ്ടബന്ധം ഉറയ്ക്കാതായത്രേ. അപ്പോള്‍ അതുവഴി വന്ന നാറാണത്തുഭ്രാന്തനോട് തന്ത്രിമാര്‍ കാര്യം പറഞ്ഞു. അദ്ദേഹം കയ്യിലുണ്ടായിരുന്ന മീന്‍ ശ്രീകോവിലിന് പുറത്തുവച്ച് വായിലെ മുറുക്കാന്‍ തുപ്പി വിഗ്രഹം അതില്‍ ഉറപ്പിയ്ക്കുകയാണത്രേ ഉണ്ടായത്. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്ഠ നടത്തിയതുകൊണ്ട് ആ സ്ഥലം താംബൂലപ്പുഴയെന്ന് അറിയപ്പെട്ടുവെന്നും പിന്നീട് ഈ പേര് അമ്പലപ്പുഴയെന്നായി മാറിയെന്നുമാണ് കഥ. അമ്പലപ്പുഴ പാല്‍പ്പായസവും അമ്പലപ്പുഴ വേലകളിയും ഏറെ പ്രശസ്തമാണ്.
Post Your Comments