Latest NewsKerala

മൂന്നാഴ്ചകളായി കാട്ടിനുള്ളില്‍ കഴിഞ്ഞ കമിതാക്കള്‍ പിടിയില്‍

മരംകയറ്റ തൊഴിലാളിയായ അപ്പുക്കുട്ടന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്

മൂലമറ്റം: കാട്ടിനുള്ളില്‍ ഒളിച്ചു താമസിക്കുകയായിരുന്ന കമിതാക്കള്‍ പിടിയില്‍. കോട്ടയം മേലുകാവ് വൈലാറ്റില്‍ അപ്പുക്കുട്ടന്‍ എന്നു വിളിക്കുന്ന ജോര്‍ജും(21) പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയുമാണ് പിടിയിലായത്. ഇരുവരും 23 ദിവസങ്ങളോളമായി കാട്ടിനുള്ളില്‍ ഒളിച്ചു താമസിച്ചു വരികയായിരുന്നു. തൊടുപുഴ- പുളിയന്‍മല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുന്നവഴിയാണ് ഇരുവരേയും പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തലയില്‍ ചാക്കുകെട്ടുമായി വനത്തില്‍നിന്ന് വരുകയായിരുന്നു ഇവര്‍ പോലീസിനെ കണ്ട് രണ്ട് വഴിക്കോടി.  എന്നാല്‍ കുറേ ദൂരം ചെന്നപ്പോള്‍ ക്ഷീണിച്ച യുവതി വെള്ളം ചോദിക്കാനായി ശരംകുത്തിയിലെ ഒരു വീട്ടിലെത്തി വാതിലില്‍ മുട്ടിവിളിച്ചു. ഓടി തളര്‍ന്ന് പെണ്‍കുട്ടിയെ കണ്ട വീട്ടുകാര്‍ ഭക്ഷണവും വെള്ളവും നല്‍കി വിശ്രമിക്കാനുള്ള ഇടവും നല്‍കി. തുടര്‍ന്ന് വിവരമറിഞ്ഞ നാട്ടുകാര്‍ പെണ്‍കുട്ടിയെ തടഞ്ഞു വച്ച് പോലീസിനു കൈമാറുയായിരുന്നു. കുടയത്തൂര്‍വഴി ആനക്കയം ഭാഗത്തേയ്ക്ക് ഓടിയ യുവാവിനേയും നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

മരംകയറ്റ തൊഴിലാളിയായ അപ്പുക്കുട്ടന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. കുമളി സ്വദേശിയായ പെണ്‍കുട്ടിയുടെ വീടിനടുത്ത് കമുക് കയറുന്നതിനായി എത്തിയ യുവാവ് കുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ജനുവരി ആറിന് പള്ളിയില്‍ പോയ പെണ്‍കുട്ടിയുമായി അപ്പുക്കുട്ടന്‍ ഒളിച്ചോടുകയായിരുന്നു.

നാട്ടുകാരാണ് അപ്പുക്കുട്ടന്റെ വീടിനടുത്തുള്ള വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയിലെ വനത്തില്‍ ഇരുവരും ഒളിച്ചുകഴിയുന്നതായി കണ്ടെത്തിയത്. കട്ടപ്പന ഡിവൈ.എസ്.പി.ക്കു കീഴിലെ സ്റ്റേഷനുകളില്‍നിന്ന് വലിയൊരു പോലീസ് സംഘത്തെ, കമിതാക്കളെ തിരയാന്‍ നിയോഗിച്ചിരുന്നു. പോലീസും നാട്ടുകാരും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനിടെയാണ് ഇരുവരും പിടിയിലാവുന്നത്.

കഴിഞ്ഞ മൂന്നാഴ്ചയോളമായി പെണ്‍കുട്ടിയെ കാണാതായിട്ട്. കാട്ടിലെ കിഴങ്ങുകളും സമീപത്തെ പുരയിടങ്ങളില്‍നിന്നും കരിക്ക്, മാങ്ങ, തേങ്ങ തുടങ്ങിയവയും ശേഖരിച്ചു ഭക്ഷിച്ചാണ് ഇരുവരും വനത്തില്‍ കഴിഞ്ഞത്. വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നതിനാല്‍ പെണ്‍കുട്ടിയെ ഹൈക്കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button