സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടക്കം കുറിച്ച വ്യവസായ വികസന പദ്ധതിക്ക് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. ദേശീയ വരുമാനത്തില്‍ 1.2 ട്രില്യന്‍ റിയാല്‍ വര്‍ധനവുണ്ടാക്കുമെന്നും കിരീടാവകാശി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.
സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കിരീടാവകാശി പദ്ധതി നേട്ടങ്ങള്‍ വിശദീകരിച്ചത്.
ദേശീയ വരുമാനത്തില്‍ 1.2 ട്രില്യന്‍ റിയാല്‍ വര്‍ധനവാണ് ലക്ഷ്യം. 1.7 ട്രില്യന്റെ അധിക നിക്ഷേപം ഉണ്ടാക്കാനും പദ്ധതിയിലൂടെ സാധിക്കും. ഒരു ട്രില്യനിലധികം പെട്രോളിതര വരുമാനമുണ്ടാക്കാനാകുമെന്നതാണ് പദ്ധതിയുടെ മൂന്നാമത്തെ ഊന്നല്‍. 1.6 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതും പദ്ധതിയുടെ പ്രക്ത്യക്ഷ നേട്ടമാണ്. വ്യവസായം, ഊര്‍ജ്ജം, മിനറല്‍, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലയില്‍ 330ലധികം പുതിയ ചിന്തകള്‍ പദ്ധതിയിലൂടെ ഉരുത്തിരിഞ്ഞ് വരുമെന്നും മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.
ഊര്‍ജ്ജം, ഖനനം, വ്യവസായം, ചരക്കു നീക്കം എന്നീ മേഖലയിലാണ് പുതിയ പദ്ധതികള്‍. 70 ബില്യണ്‍ റിയാലിന്റെ പദ്ധതികളുണ്ട് ഈ മേഖലയില്‍ മാത്രം. ഇതെല്ലാം ഉള്‍പ്പെടുന്ന ദേശീയ വ്യാവസായിക വികസന ചരക്കു നീക്ക പദ്ധതിയുടെ പ്രഖ്യാപനമാണ് കിരീടാവകാശി കഴിഞ്ഞ ദിവസം നടത്തിയത്. ഗതാഗത രംഗത്ത് മാത്രം 50 ബില്യണ്‍ റിയാലിന്റേതാണ് പദ്ധതി. പുതിയ അഞ്ച് വിമാനത്താവളങ്ങള്‍, 2000 കി.മി ദൈര്‍ഘ്യമുള്ള റെയില്‍വേ എന്നിവയും ഉടന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി പത്ത് ലക്ഷത്തിലേറെ തൊഴിലുകള്‍ക്കാണ് അവസരം വരുന്നത്.
Post Your Comments