വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയനാട് ജില്ലാ ഡിസിസി അംഗം ഒ.എം ജോര്‍ജിനെ അന്വേഷണ വിധേയമായി കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കുറ്റവാളിയാണെന്നു തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം കേസില്‍ പ്രതിയായ ജോര്‍ജ് ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. പോക്‌സോ നിയമ പ്രകാരമാണ് ജോര്‍ജിനെതിരെ കേസ് എടുത്തിട്ടുള്ളത്.
പത്താം ക്ലാസ് കഴിഞ്ഞതു മുതല്‍ ജോര്‍ജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. ജോര്‍ജിന്റെ വീട്ടിലെ ജോലിക്കാരായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. പലപ്പോഴും ജോലിള്‍ ചെയ്യാനായി അവിടെ എത്തിയിരുന്ന പെണ്‍കുട്ടിയെ ജോര്‍ജ് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോഴാണ് കുട്ടിയുടെ രക്ഷിതാക്കളും പീഡനത്തെ കുറിച്ച് അറിയുന്നത്. പിന്നീട് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും അന്വേഷണം നടത്തുകയുമായിരുന്നു. കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. ഒന്നര വര്‍ഷത്തോളമായി ഒ.എം ജോര്‍ജിന്റെ വീട്ടില്‍ വച്ച് നിരന്തരമായി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
അന്വേഷണത്തില്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് അധികൃതര്‍ രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. പിന്നീട് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments