തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ താത്കാലിക ഡിസിപി ആയിരുന്ന വനിതാ സെല്‍ എസ്പി ചൈത്രാ തെരേസാ ജോണിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടിയതായി റിപ്പോര്‍ട്ടുകള്‍. എഡിജിപി മനോജ് എബ്രഹാം ഡിജിപി ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അദ്ദേഹം മുഖ്യമന്ത്രിക്കും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് ആ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കൈമാറിയിരുന്നു.
ചൈത്ര നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും എസ്പിക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ സാധിക്കില്ലെന്നും അടക്കമുള്ള കാര്യങ്ങളാണ് എഡിജിപി, ഡിജിപി ലോക് നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ടായി നല്‍കിയത്.
ഈ റിപ്പോര്‍ട്ട് ഡിജിപി ശരിവെക്കാതെ തന്നെ നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ചൈത്രക്ക് അനുകൂലമായ ഈ റിപ്പോര്‍ട്ടും മറികടന്ന് എന്തു നടപടി സ്വീകരിക്കാന്‍ കഴിയും എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോള്‍ ആഭ്യന്തരവകുപ്പ്. ചൈത്രക്കെതിരെ നടപടി സ്വീകരിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ഉപദേശിക്കുമ്പോഴും ചൈത്രയ്ക്കെതിരേ നടപടി വേണമെന്ന് ആവശ്യത്തില്‍നിന്നു മാറാത്ത സിപിഎം നിലപാട് കണ്ടില്ലെന്നു നടിക്കാനും മുഖ്യനാവില്ല.
അതേസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് റെയ്ഡ് നടത്തിയതെന്ന് എഡിജിപി മനോജ് അബ്രഹാമിന്റെ റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ റെയ്ഡ് നടന്ന ശേഷമാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിവരമറിഞ്ഞത്. ഇനി ആഭ്യന്തരവകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും.
Post Your Comments