തിരുവനന്തപുരം: കെഎഎസില്‍ എല്ലാ സ്ട്രീമുകളിലും സംവരണം ഏര്‍പ്പെടുത്താനുള്ള സാധ്യത സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര് രാജേഷ് എംഎല്‍എയുടെ ശ്ര്ദ്ധക്ഷണിക്കലിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണമെന്ന സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ്ഗ കമ്മിഷന്, സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് എന്നിവയുടെ ഉത്തരവുകളും ജനപ്രതിനിധികള്‍, സംഘടനകള്‍ തുടങ്ങിയവരുടെ നിവേദനങ്ങളും കണക്കിലെടുത്തിട്ടുണ്ട്.
വിവിധ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തിക മുതല്‍ മുകളിലോട്ടുള്ള തസ്തികകളില്‍ 10 ശതമാനം തസ്തികകള്‍ ഉള്‍പ്പെടുത്തിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിച്ചത്. നിലവിലുള്ള തസ്തികകളില്‍ നിന്ന് രൂപീകരിക്കുന്ന സര്‍വ്വീസ് ആയതിനാല്‍ അവ മൂന്ന് സ്ട്രീമുകളായി തരംതിരിച്ച് രണ്ട് സ്ട്രീമുകള്‍ ജീവനക്കാര്‍ക്കുള്ള തസ്തികമാറ്റ നിയമനത്തിനും ഒരു സ്ട്രീം നേരിട്ടുള്ള നിയമനത്തിനുമായി വ്യവസ്ഥ ചെയ്തു.
തസ്തികമാറ്റ നിയമനങ്ങള്‍ക്ക് സംവരണം ബാധകമാക്കേണ്ടതില്ലെന്നും അപ്രകാരം എല്ലാ വകുപ്പുകളും സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി ചെയ്യണമെന്നുമുള്ള 2003-ലെ സര്‍ക്കുലര്‍ നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരില്‍ നിന്നുള്ള തസ്തികമാറ്റ നിയമനങ്ങള്‍ക്ക് നിലവില്‍ സംവരണ തത്വം ബാധകമാക്കാറില്ല. ഇതിനാലാണ് കെ.എ.എസിനും തസ്തികമാറ്റ നിയമനങ്ങള്‍ക്ക് സംവരണം ബാധകമാക്കാതിരുന്നതെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശവും തേടിയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments