NewsFootballSports

സന്തോഷ് ട്രോഫി; മലപ്പുറത്തിന്റെ 4 ചുണക്കുട്ടികള്‍ ടീമില്‍

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന്റെ കിരീടം കാക്കാന്‍ ഇത്തവണ മലപ്പുറത്തിന്റെ നാല് ചുണക്കുട്ടികള്‍. ഗോള്‍ കീപ്പറായി മുഹമ്മദ് അസ്ഹര്‍ എത്തുമ്പോള്‍ പിന്തുണ നല്‍കാന്‍ മുഹമ്മദ് ഷെരീഫും എം സഫ്വാനും മുഹമ്മദ് സലാഹുദ്ദീനും പ്രതിരോധനിരയില്‍ ചേരും. എറണാകുളത്ത് സംസ്ഥാന ക്യാമ്പില്‍ പരിശീലനത്തിനിടെ ടീം സെലക്ഷന്‍ വാര്‍ത്ത അറിഞ്ഞ നാലുപേരും അത് ആഘോഷമാക്കി. കാല്‍പ്പന്തിലെ മലപ്പുറം പെരുമ കാക്കുമെന്നും ഏറെക്കാലത്തെ ഇടവേളക്കുശേഷം കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ പൊരുതിനേടിയ കിരീടം നിലനിര്‍ത്തുമെന്നും അവര്‍ പറഞ്ഞു.

മലപ്പുറത്തെ ഫുട്‌ബോളിന്റെ തറവാടായ അരീക്കോട് താഴത്തങ്ങാടി സ്വദേശിയായ മുഹമ്മദ് ഷെരീഫ് കെഎസ്ഇബിയുടെ അതിഥി താരമാണ്. എംഎസ്പി ടീമിനായി നാലുവര്‍ഷം കളിച്ച ഷെരീഫ് 2008ലെ സുബ്രതോ കപ്പിലും ഇറങ്ങി. കേരള സ്‌കുള്‍ ടീമിന്റെ ക്യാപ്റ്റനുമായി. ഫറൂഖ് കോളേജില്‍ ബിഎ മലയാളം വിദ്യാര്‍ഥിയായിരിക്കെ 2014,15, 17 വര്‍ഷങ്ങളില്‍ കലിക്കറ്റ് സര്‍വകലാശാലക്കായി കളിച്ചു. 2017ല്‍ ടീം ക്യാപ്റ്റനായി. അരീക്കോട് എസ്ഒഎച്ച്‌സിലാണ് കളി തുടങ്ങിയത്.

ഗോകുലം എഫ്‌സിയുടെ കളിക്കാരനായ സഫ്വാന്‍ ആദ്യമായി സംസ്ഥാന ടീമില്‍ എത്തിയതിന്റ ആഹ്ലാദത്തിലാണ്. കെപിഎല്ലില്‍ കളിക്കുകയാണിപ്പോള്‍. എംഎസ്പിയില്‍ ആദ്യം കളിച്ചു. മങ്കട പള്ളിപ്പുറം വിലക്കപ്പുറം മേമന വീട്ടില്‍ അബ്ദുള്‍കരീമിന്റെയും ഫാത്തിമയുടെയും മകനാണ്. മിഷന്‍ ഇന്ത്യ ക്യാമ്പിലെത്തിയത് വഴിത്തിരിവായി. മഞ്ചേരി എന്‍എസ്എസ് കോളേജില്‍ പഠനം. കലിക്കറ്റിനായി 2018ല്‍ ദേശീയ മത്സരം കളിച്ചു. പുണെയിലെ ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലനം നേടി.

ഈജിപ്തിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായുടെ പേരിനോട് സാമ്യമുള്ളതിനാല്‍ സലാ എന്ന ചുരുക്കപ്പേരിലാണ് കൂട്ടുകാര്‍ സലാവുദ്ദീനെ വിളിക്കുന്നത്. കുറ്റിപ്പാല ഗാര്‍ഡന്‍ വാലി സ്‌കൂളിലാണ് പഠനം. സാറ്റ് തിരൂരിനായി കളിക്കുന്നു. പുണെയിലെ ഡിഎസ്‌കെ, മണിപ്പൂരിലെ സബൂല്‍ബദ് ക്ലബ്ബുകളിലും കളിച്ചു.

പെരിന്തല്‍മണ്ണ പതായിക്കര കരുണാകരത്ത് അഷറഫിന്റെയും സലീനയുടെയും മകനാണ് മുഹമ്മദ് അസ്ഹര്‍. തൂത സ്‌കൂളിലായിരുന്നു തുടക്കം. മഞ്ചേരി എന്‍എസിഎസിലെ ബികോം വിദ്യാര്‍ഥിയാണ്. കലിക്കറ്റ് ടീമിനായി ദേശീയ മത്സരം കളിച്ചു. ഗോകുലം എഫ്‌സിയില്‍ കളിക്കുന്നു. ഇവരെകൂടാതെ കോട്ടയത്തുനിന്ന് കേരളാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗിഫ്റ്റി സി ഗ്രേഷ്യസ് മലപ്പുറം എംഎസ്പി ടീമിലുണ്ടായിരുന്നു.

തമിഴ്‌നാട്ടിലെ നെയ് വേലിയില്‍ നാലുമുതലാണ് ദക്ഷിണ മേഖലാ മത്സരങ്ങള്‍. കരുത്തരായ സര്‍വീസസ്, പോണ്ടിച്ചേരി, തെലങ്കാന ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് കേരളം. നാലിന് തെലങ്കാനയുമായാണ് ആദ്യ മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button