തിരുവനന്തപുരം: നാട്ടാനകളുടെ മരണനിരക്ക് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വനം വകുപ്പ് നടപടിക്കൊരുങ്ങുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലവിധ അസുഖങ്ങള്‍ ബാധിച്ച് മതിയായ ചികിത്സ കിട്ടാതെ സംസ്ഥാനത്ത് മുപ്പത്തിനാല് നാട്ടാനകളാണ് ചരിഞ്ഞത്. കൃത്യസമയത്ത് ചികിത്സ കിട്ടാത്തത് മൂലമാണ് ആനകളുടെ മരണമെന്ന് വനംവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആനകള്‍ക്ക് ആവശ്യത്തിന് നല്ല ഭക്ഷണം നല്‍കുന്നില്ലെന്നും കൂടുതല്‍ ജോലി ചെയ്യിപ്പിക്കുന്നുവെന്നും അസുഖബാധിതരായ ആനകളെപ്പോലും എഴുന്നള്ളിപ്പിനും മറ്റും ഉപയോഗിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് വനംവകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നത്. ആനകള്‍ക്ക് ചികിത്സ ഉറപ്പാക്കുന്ന കാര്യത്തിലാണ് വനംവകുപ്പിന്റെ ഇടപെടല്‍. ആനകളുടെ അസുഖം അഞ്ച് ദിവസത്തിലേറെ നീണ്ടുനിന്നാല്‍ ഉടമ ഉടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും ഇതിനായി വനംവകുപ്പിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും വിദഗ്ധസമിതി രൂപീകരിക്കണമെന്നും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Post Your Comments