തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി വാവ സുരേഷ്. പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്തിരുന്നെന്ന് വ്യക്തമാക്കിയുള്ള ശശി തരൂര്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നും വാവ സുരേഷ് പറഞ്ഞു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയം ആണോ അതോ മറ്റെന്തെങ്കിലും ഉദ്യേശമുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നെയും ശശി തരൂര്‍ എംപിയെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പുമായി ഡോ. നെല്‍സണ്‍ ജോസഫ് എന്ന വ്യക്തി രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പല ആരോപണങ്ങളും എന്നോടുള്ള പക മനസ്സില്‍ സൂക്ഷിച്ചോ അല്ലെങ്കില്‍ കാര്യം അറിയാതെയോ ആണ്- വാവ സുരേഷ് പറഞ്ഞു.
തനിക്ക് പത്മശ്രീ നല്‍കണമെന്ന് ശുപാര്‍ശ നല്‍കിയ കാര്യം താന്‍ അറിയുന്നത് കഴിഞ്ഞദിവസം രാത്രി മാത്രമാണെന്നു വാവ സുരേഷ് പറഞ്ഞു. അവാര്‍ഡുകള്‍ക്കോ പദവികള്‍ക്കോ വേണ്ടി ഈ സേവനം ചെയ്യുന്ന ഒരു വ്യക്തിയല്ല താനെന്നും, അങ്ങനെ കരുതുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി ആ ചിന്ത മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാമ്പിനെ പിടിക്കാന്‍ പാമ്പിനെ തൊടുകപോലും ചെയ്യേണ്ടാത്തയിടത്താണ് വാവ സുരേഷ് കയ്യും കൊണ്ട് പിടിച്ച് സാഹസം കാണിക്കുന്നതെന്നുള്ള ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ഒരു പാമ്പിനെ ഉപകരണങ്ങള്‍കൊണ്ട് പിടിക്കുന്നതാണ് അതിന്റെ ശരീരത്തിന് ഏറ്റവും ദോഷമായി ഭവിക്കുന്നത്. വളരെ ദുര്‍ബലമായ രീതിയിലാണ് പാമ്പിന്റെ ശരീരത്തിന്റെ നിര്‍മ്മിതി. അത്രത്തോളം ശ്രദ്ധാപൂര്‍വ്വം മാത്രമേ പാമ്പിനെ പരിചരിക്കുവാന്‍ പാടുള്ളൂ. ഉപകരണങ്ങള്‍ പാമ്പിന്റെ ശരീരത്തില്‍ വളര്‍ത്തുന്നത് സാധാരണമാണ്. എന്നാല്‍ കൈ കൊണ്ട് ചെയ്യുമ്പോള്‍ അത് ഒഴിവാക്കുന്നു. ഓരോ പാമ്പും സുരക്ഷിതമായി അതിജീവനം നടത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വാവ സുരേഷ് പറഞ്ഞു.
ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കു പിന്നില്‍ പ്രശസ്തിക്കുവേണ്ടി തന്നെ ബലിയാടാക്കുന്നുവെന്നാണ് തനിക്കു തോന്നുന്നതെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് അതിന്റെ സത്യാവസ്ഥ തന്നെ വിളിച്ചു ചോദിക്കാമായിരുന്നുവെന്നും വാവ സുരേഷ് ചൂണ്ടിക്കാട്ടി.
Post Your Comments