തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികള്‍ക്കായി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി ചൈത്ര തെരേസ ജോണിനെ അഭിനന്ദിച്ചുള്ള സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ വൈറലാകുന്നു. നട്ടെല്ലുള്ള പൊലീസ് ഓഫീസറായും പുലിമടയില്‍ കയറിയ പുലിക്കുട്ടിയായും ചൈത്രയുടെ വിവിധ പോസുകളിലുള്ള കളര്‍ ഫോട്ടോകള്‍ സഹിതമാണ് ഫേസ് ബുക്കിലും വാട്ട്‌സ് ആപ്പിലും നിറയുന്നത്.
ചട്ടങ്ങള്‍ പാലിച്ചാണ് ചൈത്ര പരിശോധന നടത്തിയതെന്നും പാര്‍ട്ടി ഓഫീസ് റെയ്ഡില്‍ അവരുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടില്ലെന്നും നടപടി ആവശ്യമില്ലെന്നുമുള്ള എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതും ട്രോളര്‍മാര്‍ക്ക് ചാകരയായി. സര്‍ക്കാരിനെതിരെയുള്ള ആയുധമായാണ് അവര്‍ ഇത് പ്രയോഗിക്കുന്നത്.
കേസ് സി.പി.എം പാര്‍ട്ടി കമ്മിഷന്‍ അന്വേഷിക്കുമായിരുന്നുവെന്ന ആക്ഷേപ രൂപത്തിലുള്ള പോസ്റ്റുകളും നിരവധിയാണ്. ലിംഗ സമത്വവുമായി ബന്ധപ്പെട്ടും പോസ്റ്റുകളുണ്ട്. ‘വനിതകളെ ശബരിമലയില്‍ കയറ്റാന്‍ കാണിച്ച ആര്‍ജവം പാര്‍ട്ടി ഓഫീസില്‍ ഒരു വനിതാ പൊലീസ് കേറിയപ്പോ ഇല്ലാതായോ’, ‘ശബരിമലയില്‍ അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്ത പൊലീസുകാര്‍ക്ക് പ്രശസ്തി പത്രം, പാര്‍ട്ടി ഓഫീസ് പരിശോധിച്ചാല്‍ സ്ഥാനചലനം’ തുടങ്ങി ഹാസ്യരൂപത്തിലും ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുന്നു.
Post Your Comments