KeralaLatest News

കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രതിനിധി ഫെബ്രുവരിയിൽ കേരളത്തിലെത്തും: കേരളത്തിലെ മാവോയിസ്റ്റ്, പ്രശ്നബാധിത മേഖലകൾ കണ്ടെത്താൻ നിർദ്ദേശം

തിരുവനന്തപുരം•ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രതിനിധി ഫെബ്രുവരിയിൽ കേരളത്തിലെത്തും. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സംസ്ഥാനതല ഇലക്ഷൻ പ്ലാൻ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന ചീഫ് സെക്രട്ടറി, ചീഫ് ഇലക്ട്രൽ ഓഫീസർ, പോലീസ് മേധാവി എന്നിവരുമായി കഴിഞ്ഞ ദിവസം ഇലക്ഷൻ കമ്മീഷൻ വീഡിയോ കോൺഫറൻസ് നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ഇവിടത്തെ തയ്യാറെടുപ്പിൽ കമ്മീഷൻ പൂർണ തൃപ്തി രേഖപ്പെടുത്തിയതായി ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. മാവോയിസ്റ്റ്, തീവ്രസ്വഭാവ സംഘടനകളുടെ പ്രവർത്തന മേഖലകൾ കണ്ടെത്താൻ കമ്മീഷൻ പോലീസ് മേധാവിയോട് നിർദ്ദേശിച്ചു. പ്രശ്നസാധ്യത, അതീവ പ്രശ്നസാധ്യത പോളിംഗ് സ്റ്റേഷനുകളുടെ ലിസ്റ്റ് തയ്യാറാക്കും. ഒരു സ്ഥലത്ത് മൂന്നു വർഷം പൂർത്തിയാക്കിയ ഐ. ജി മുതൽ എസ്. ഐവരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഫെബ്രുവരിയിൽ പൂർത്തിയാക്കണം. സ്വന്തം ജില്ലയിൽ നിയമനം നൽകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാന വിശദാംശങ്ങൾ ചോദിച്ചു മനസിലാക്കി. തിരഞ്ഞെടുപ്പ് സുരക്ഷയക്ക് എത്ര കമ്പനി കേന്ദ്രസേന ആവശ്യമായി വരുമെന്നത് സംബന്ധിച്ച വിശദവിവരങ്ങളും തേടി. കേരളത്തിന്റെ അതിർത്തി മേഖലകളിലൂടെ അനധികൃത മദ്യവും പണവും വരുന്നത് തടയുന്നതിന് പരിശോധന കർശനമാക്കും.

കഴിഞ്ഞ തവണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളുടെ വിശദാംശങ്ങൾ വീഡിയോ കോൺഫറൻസിൽ അന്വേഷിച്ചു. തീരുമാനമാകാത്ത കേസുകളിൽ സത്വര നടപടി സ്വീകരിക്കണമെന്ന് ഡി. ജി. പിക്ക് നിർദ്ദേശം നൽകി. അനധികൃത ആയുധങ്ങൾ പിടിച്ചെടുത്ത കേസുകളുടെ വിവരവും ആരാഞ്ഞു. റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എന്നിവരുടെ ഒഴിവുകൾ എത്രയും വേഗം നികത്തണമെന്ന് കമ്മീഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കുള്ള ഫണ്ട് ചീഫ് ഇലക്ട്രൽ ഓഫീസർക്ക് ലഭ്യമാക്കാനും നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button