ബംഗളൂരു: നമ്മമെട്രോയുടെ ഗ്രീന്‍ലൈനിലും (യെലച്ചനഹള്ളി- നാഗസാന്ദ്ര) ആറുകോച്ചുള്ള മെട്രോട്രെയിന്‍ ഓടിത്തുടങ്ങി. പര്‍പ്പിള്‍ ലൈനില്‍ (ബൈയ്യപ്പനഹള്ളി- മൈസൂരു റോഡ്) ഓടുന്നതിന് സമാനമായി തിരക്കുള്ള സമയമായ രാവിലെയും വൈകീട്ടുമായിരിക്കും ആറുകോച്ചുള്ള മെട്രോ ട്രെയിന്‍ ഗ്രീന്‍ലൈനിലും സര്‍വീസ് നടത്തുക.
മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സാംപിഗെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ദിനേശ് ഗുണ്ടുറാവു, മേയര്‍ ഗംഗാംബികെ മല്ലികാര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു. പര്‍പ്പിള്‍ലൈനില്‍ ആറുകോച്ചുള്ള രണ്ടുമെട്രോ ട്രെയിനുകള്‍കൂടി ഇതോടൊപ്പം ഓടിത്തുടങ്ങി. നേരത്തേ ആറുകോച്ചുള്ള മൂന്നു മെട്രോ ട്രെയിനുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതോടെ രണ്ടുലൈനുകളിലുമായി സര്‍വീസ് നടത്തുന്ന ആറുകോച്ച് മെട്രോ ട്രെയിനുകളുടെ എണ്ണം ആറായി.
കൂടുതല്‍ കോച്ചുകള്‍ കൂട്ടിച്ചേര്‍ത്തതോടെ ദിവസേന 5.5 ലക്ഷത്തോളം ആളുകള്‍ക്ക് മെട്രോയില്‍ സഞ്ചരിക്കാന്‍ കഴിയും. ആറുകോച്ചുള്ള ഒരു ട്രെയിനില്‍ 2000 യാത്രക്കാര്‍ക്ക് കയറാം. ഒരു കോച്ച് വനിതകള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. സ്വയം താപനില ക്രമീകരിക്കുന്ന സംവിധാനമുള്ളവയാണ് പുതിയതായി കൂട്ടിച്ചേര്‍ത്ത കോച്ചുകള്‍.
രാവിലെയും വൈകീട്ടും മെട്രോ ട്രെയിനുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതോടെയാണ് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ബാക്കിയുള്ള 44 ട്രെയിനുകളും ആറുകോച്ചുകളാക്കാനാണ് മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ പദ്ധതി.
ഇതോടെ നിലവില്‍ യാത്രചെയ്യുന്നതിന്റെ ഇരട്ടിയോളം യാത്രക്കാര്‍ക്ക് മെട്രോയില്‍ സഞ്ചരിക്കാം. ഗ്രീന്‍ ലൈനിലെ സ്റ്റേഷനുകളില്‍ മൂന്നുകോച്ചുള്ള ട്രെയിനുകള്‍ നിര്‍ത്താനുള്ള മാര്‍ക്കിങ്ങാണ് നിലവിലുള്ളത്. ആറുകോച്ച് മെട്രോയെത്തുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
Post Your Comments