KeralaLatest News

ബജറ്റ് സമ്മേളനം: നന്ദി പ്രമേയ ചര്‍ച്ച ഇന്ന് തുടങ്ങും

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്ന് തുടങ്ങും. കെഎസ്ആര്‍ടിസി, എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്‌നം, പ്രളയക്കെടുതിയിലെ സഹായം വൈകുന്നു എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് ഉന്നയിക്കും. കൂടാതെ ശബരിമല യുവതീ പ്രവേശനം, വനിതാമതില്‍ അടക്കമുള്ള വിഷയങ്ങളില്‍ ഗവര്‍ണറെക്കൊണ്ട് രാഷ്ട്രീയം പറയിപ്പിച്ചുവെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചേക്കും. സിപിഎം ജില്ലാ കമ്മറ്റി ഓഫിസ് റെയ്ഡ് ചെയ്ത തിരുവനന്തപുരം ഡിസിപി ആയിരുന്ന ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാരെടുത്ത നടപടികളും പ്രതിപക്ഷം സഭയില്‍ വിഷയമാക്കുമെന്നാണ് വിവരം.

വെള്ളിയാഴ്ചയായിരുന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയായിരുന്നു സമ്മേളനം തുടങ്ങിയത്. കേന്ദ്രസംസ്ഥാന ബന്ധത്തിലെ അനാരോഗ്യ പ്രവണതകള്‍ സംസ്ഥാനത്തെ ബുദ്ധിമുട്ടിലാക്കി. വിവിധരംഗങ്ങളില്‍ കേരളം നേടിയ പുരോഗതി ശിക്ഷയായി മാറുന്നു. മുന്‍കാലനേട്ടങ്ങള്‍ തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയാണ്. സംസ്ഥാനത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി കേന്ദ്രസഹായങ്ങളില്‍ കുറവുണ്ടാകുന്നു. മുന്‍കാല നേട്ടങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് ഈ സമീപനം കൊണ്ടെത്തിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് മൂന്‍തൂക്കം നല്‍കുന്ന പ്രഖ്യാപനങ്ങളായിരുന്നു പ്രസംഗത്തിലുള്ളത്. നവ്വോത്ഥാനത്തിനും ലിംഗസമത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞിരുന്നു. ഫെബ്രുവരി ഏഴ് വരെയാണ് നിയമസഭാ സമ്മേളനം. ജനുവരി 31നാണ് സംസ്ഥാന ബജറ്റ്. ഇതിനു മുന്നോടിയായുള്ള നയപ്രഖ്യാപനമാണ് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button