കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. ഒരു മുസ്ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ആളെന്ന നിലയില്‍ മാത്രമേ തനിക്ക് ദിനേഷ് ഗുണ്ടുവിനെ അറിയുകയുള്ളൂ എന്നാണ് ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശം.
താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന ഹെഗ്‌ഡെയുടെ പ്രസ്താവനയെ ദിനേഷ് ഗുണ്ടു വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ട്വിറ്ററിലൂടെ കോണ്‍ഗ്രസ് നേതാവിനെതിരെ രൂക്ഷ വിമര്‍ശവുമായി ഹെഗ്‌ഡെ രംഗത്തെത്തിയത്. ”നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടി നല്‍കാം. പക്ഷേ ഇതെല്ലാം ചോദിക്കാന്‍ നിങ്ങള്‍ ആരാണെന്ന് ആദ്യം പറയൂ. ഒരു മുസ്ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ആളെന്ന നിലയിലേ എനിക്ക് ഇയാളെ അറിയൂ.” മന്ത്രി ട്വീറ്റ് ചെയ്തു.
കേന്ദ്ര മന്ത്രിയെന്ന നിലയിലും എം.പി എന്ന നിലയിലും എന്ത് നേട്ടമാണ് താങ്കള്‍ക്ക് ഉയര്‍ത്തിക്കാട്ടാനുള്ളത് എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ചോദ്യം. കര്‍ണാടകയുടെ വികസനത്തിന് വേണ്ടി എന്താണ് ചെയ്തതെന്നും ദിനേഷ് ഗുണ്ടു ചോദിച്ചിരുന്നു. ഇതോടെയാണ് ദിനേഷ് ഗുണ്ടുവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ഹെഗ്‌ഡെ ട്വീറ്റ് ചെയ്തത്.
ഇത്തരം പരാമര്‍ശങ്ങളിലൂടെ മന്ത്രിയുടെ സംസ്‌കാര ശൂന്യതയാണ് വെളിവാകുന്നതെന്ന് ദിനേഷ് ഗുണ്ടു റാവു പ്രതികരിച്ചു. ചോദ്യത്തിന് മറുപടി ഇല്ലാതാവുമ്പോള്‍ വ്യക്തിപരമായി ആക്രമിച്ച് അതില്‍ നിന്നും ഒളിച്ചോടാനുള്ള താങ്കളുടെ ശ്രമം വിജയിക്കില്ലെന്നും അല്‍പം കൂടി സംസ്‌കാരത്തോടെ പെരുമാറാന്‍ പഠിക്കണമെന്നും ദിനേഷ് ഗുണ്ടു പറഞ്ഞു.
Post Your Comments