തിരുവനന്തപുരം: ആരാധനാലയങ്ങളില്‍നിന്നുള്ള പ്രസാദത്തിനും അന്നദാനത്തിനും നേര്‍ച്ച വിളമ്പിനും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുന്ന പദ്ധതി മാര്‍ച്ച് ഒന്നുമുതല്‍ കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനം. ഭക്ഷണസാധനങ്ങള്‍ പ്രസാദമായി നല്‍കുന്ന എല്ലായിടത്തും സുരക്ഷിതഭക്ഷണം ഉറപ്പുവരുത്തുന്ന’ഭോഗ്’ (ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിങ് ടു ഗോഡ്) പദ്ധതിയാണിത്.
കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനു മുമ്പായി ആരാധനാലയ അധികൃതരുമായി ചര്‍ച്ചനടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ കത്ത് നല്‍കി. എല്ലാ ആരാധനാലയങ്ങള്‍ക്കും നോട്ടീസ് നല്‍കണം. ചില ആരാധനാലയങ്ങളില്‍നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിച്ച് ഭക്ഷ്യവിഷബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
ഇതിലൂടെ വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഭക്ഷണനിര്‍മാണവും ക്രമക്കേടുകളും തടയുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനോടനുബന്ധിച്ച് ആരാധനാലയങ്ങളില്‍ പ്രസാദമായി നല്‍കുന്നവര്‍, ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്നവര്‍, ആരാധനാലയങ്ങള്‍ക്ക് ചുറ്റുമുള്ള ഭക്ഷ്യവസ്തു വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശീലനം നല്‍കും.
ഇതിനോടകം മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കി. കേരളത്തില്‍ ഗുരുവായൂര്‍, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുമായി ഭക്ഷ്യസുരക്ഷാ വിഭാഗം ചര്‍ച്ച നടത്തി. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വവും, ആറ്റുകാല്‍ ക്ഷേത്രവും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുത്തു. പദ്ധതിക്ക് മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്.
Post Your Comments