കൊച്ചി: കൊച്ചിന്‍ റിഫൈനറിയുടെ സംഭാവനകള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി റിഫൈനറിയില്‍ നടപ്പാക്കിയ 16,000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എന്‍റെ കുട്ടിക്കാലത്ത് ഒരുപാട് അമ്മമാര്‍ വിറക് അടുപ്പില്‍ ഭക്ഷണമുണ്ടാക്കാന്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. രാജ്യത്തെ അമ്മമാര്‍ക്കും പെങ്ങമാര്‍ക്കും സ്ഥിതി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അവര്‍ക്ക് ആരോഗ്യമുള്ള ഒരു അടുക്കള എങ്ങനെ നല്‍കാനാവുമെന്നതിനെക്കുറിച്ചും ഞാന്‍ എപ്പോഴും ആലോചിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഉജ്വല പദ്ധതി അത്തരമൊരു ദൗത്യമാണ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതെന്നും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആറ് കോടി ദരിദ്രര്‍ക്ക് എല്‍പിജി കണക്ഷനുകള്‍ നല്‍കിയെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് കേരള സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പറഞ്ഞു. കൊച്ചിന്‍ റിഫൈനറിക്ക് നികുതിയിളവ് നല്‍കിയ സര്‍ക്കാര്‍ റിഫൈനറി വികസനത്തിന് സമയബന്ധിതമായി ഭൂമി എറ്റെടുത്ത നല്‍കിയ കാര്യവും ചൂണ്ടിക്കാട്ടി. റിഫൈനറി ഉത്ഘാടന ചടങ്ങില്‍ സൗഹൃദം പങ്കിട്ട പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പക്ഷേ പ്രസംഗത്തില്‍ രാഷ്ട്രീയപരാമര്‍ശങ്ങള്‍ നടത്തിയില്ല. വികസനനേട്ടങ്ങള്‍ എണ്ണിപ്പറയാനാണ് ഇരുവരും ശ്രമിച്ചത്. കൊച്ചിയിലെ സഹോദരീ സഹോദരന്‍മാരെ എല്ലാവര്‍ക്കും എന്‍റെ നമസ്കാരം എന്ന് മലയാളത്തില്‍ പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. കൊച്ചി നഗരത്തെ കാര്യമായി പുക്ഴത്താനും മോദി മറന്നില്ല.
മോദിയുടെ വാക്കുകള്‍…
കൊച്ചിയില്‍ വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അറബിക്കടലിന്‍റെ റാണിയായ കൊച്ചി. കൊച്ചിയിലെ നീലക്കടലും, കായലും, പെരിയാറും, അതിനെ ചുറ്റി നില്‍ക്കുന്ന പച്ചപ്പും കൊച്ചിയിലെ ഊര്‍ജസ്വല്ലരായ നാട്ടുകാരും ചേര്‍ന്ന് ഈ മഹാനഗരത്തെ നഗരങ്ങളുടെ റാണിയാക്കി മാറ്റുന്നു. ഇവിടെ നിന്നാണ് മഹാനായ ആദിശങ്കരന്‍ ഭാരതത്തെ ഒരുമിപ്പിക്കാനും ഭാരതസംസ്കാരത്തെ സംരക്ഷിക്കാനുമുള്ള തന്‍റെ യാത്ര ആരംഭിച്ചത്.
ഇതൊരു ചരിത്രദിവസമാണ്. കേരളത്തിലെ ഏറ്റവും വലിയ വ്യവസായ യൂണിറ്റായ കൊച്ചിന്‍ റിഫൈനറി അതിന്‍റെ വികസനത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. കേരളത്തിന് മാത്രമല്ല രാജ്യത്തിനൊന്നാകെ ഇത് അഭിമാനനിമിഷമാണ്. പ്രകൃതി സൗഹൃദ വാതകം കേരളത്തിലേയും സമീപജില്ലകളിലേയും ലക്ഷക്കണക്കിന് പേര്‍ക്ക് എത്തിച്ചു കൊണ്ട് മഹത്തായൊരു സേവനമാണ് ഭാരത് പെട്രോളിയത്തിന് കീഴിലുള്ള കൊച്ചിന്‍ റിഫൈനറി കഴിഞ്ഞ അന്‍പത് വര്‍ഷമായി നിര്‍വഹിച്ചു പോരുന്നത്.
എന്‍റെ കുട്ടിക്കാലത്ത് ഒരുപാട് അമ്മമാര്‍ വിറക് അടുപ്പില്‍ ഭക്ഷണമുണ്ടാക്കാന്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. രാജ്യത്തെ അമ്മമാര്‍ക്കും പെങ്ങമാര്‍ക്കും സ്ഥിതി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അവര്‍ക്ക് ആരോഗ്യമുള്ള ഒരു അടുക്കള എങ്ങനെ നല്‍കാനാവുമെന്നതിനെക്കുറിച്ചും ഞാന്‍ എപ്പോഴും ആലോചിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഉജ്വല പദ്ധതി അത്തരമൊരു ദൗത്യമാണ് നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണ്.
2016 മെയ് മുതല്‍ ആറ് കോടിക്കടുത്ത് എല്‍പിജി കണക്ഷനുകളാണ് രാജ്യത്തെ ഏറ്റവും ദരിദ്ര വിഭാഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്. 23 കോടിയോളം എല്‍പിജി ഉപഭോക്താക്കളാണ് ഇക്കാലയളവില്‍ പഹല്‍ പദ്ധതിയില്‍ ചേര്‍ന്നത്. പഹല്‍ പദ്ധതിയിലൂടെ ഉപഭോക്താക്കളുടെ കണക്കുകളില്‍ സുതാര്യത കൊണ്ടു വരികയും സബ്സിഡി സംവിധാനം കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് നേരിട്ട് സബ്സിഡി നല്‍കി കൊണ്ട് പഹല്‍ പദ്ധതി ഗിന്നസ്ബുക്ക് ഓഫ് റെക്കോര്‍ഡിസില്‍ ഇടം നേടുകയും ചെയ്തു. ഏതാണ്ട് ഒരു കോടിയോളം പേര്‍ തങ്ങളുടെ എല്‍പിജി സബ്സിഡി വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.
കൊച്ചി റിഫൈനറിയിലെ എല്‍പിജി ഉത്പാദനം ഇരട്ടിയാക്കാന്‍ പുതിയ വികസനപ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. ഉജ്ജ്വലപദ്ധതിയിലേക്ക് കൂടുതല്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ ഇതിലൂടെ കൊച്ചിന്‍ റിഫൈനറിക്ക് സാധിക്കും. വായു മലിനീകരണമടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രകൃതി സൗഹൃദ വാതകത്തിന്‍റെ ഉപയോഗം കേന്ദ്രസര്‍ക്കാര്‍ പ്രൊത്സാഹിപ്പിക്കുന്നുണ്ട്. സിറ്റി ഗ്യാസ് പദ്ധതി വഴി പ്രകൃതി സൗഹൃദവാതക വിതരണശൃംഖല ശക്തമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിറ്റി ഗ്യാസ് പദ്ധതിയില്‍ നാന്നൂറ് ജില്ലകളെ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പ്രകൃതി സൗഹൃദ വാതകഉപഭോഗം വ്യാപിപ്പിച്ചു കൊണ്ട് ക്രൂഡോയില്‍ ഉത്പാദനം കുറച്ചു കൊണ്ടും വരാം എന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇതിന്‍റെ ഭാഗമായി എതനോള്‍ ചേര്‍ത്ത ഇന്ധനം പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഉടനെ വിതരണം ചെയ്തു തുടങ്ങും.
കൊച്ചിന്‍ റിഫൈനറിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരേയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു. പെട്രോ കെമിക്കൽ ഉൽപ്പാദന രംഗത്തെ വിപ്ലവത്തിനാണ് കൊച്ചി റിഫൈനറി നൽകുന്നത്. റിഫൈനറിയിൽ സംയോജിത വികസന പദ്ധതി നടപ്പാക്കാൻ വേണ്ടി പണിയെടുത്ത ഇരുപതിനായിരത്തോളം തൊഴിലാളികളാണ് യഥാർഥ ഹീറോകൾ.
പെട്രോ കെമിക്കല്‍ ക്ലോപക്സിന്‍റെ നിര്‍മ്മാണം ബിപിസിഎല്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട് ആരോഗ്യമേഖല ഉള്‍പ്പെടെ വിവിധ രംഗങ്ങള്‍ക്ക് ഇതു ഗുണപ്രദമാക്കും. കോസമറ്റിക്, സര്‍ജറി, തുടങ്ങി വിവിധ മേഖലകളില്‍ പല ആവശ്യങ്ങള്‍ക്കും നമ്മള്‍ അന്യരാജ്യങ്ങളെ ആശ്രയിക്കുകയാണ്. പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നും അസംഖ്യം ഉപോത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പെട്രോ കെമിക്കല്‍ ക്ലോപക്സുകള്‍ക്ക് സാധിച്ചാല്‍ അത് അഭിമാനകരമായ നേട്ടമായി മാറും. മറ്റു പൊതുമേഖല സ്ഥാപനങ്ങളുമായി ചേര്‍ന്ന് ബിപിസിഎല്‍ ആരംഭിച്ച നൈപുണ്യവികസന കേന്ദ്രത്തിന് ഒരുപാട് യുവാക്കള്‍ക്ക് ഗുണപ്രദമാക്കും.
നൂറ് വര്‍ഷത്തിലെ ഏറ്റവും വലിയ പ്രളയത്തെ കേരളം നേരിട്ടപ്പോഴും ബിപിസിഎല്‍ സുഗമമായി പ്രവര്‍ത്തിച്ചു എന്ന് അഭിനന്ദിക്കപ്പെടേണ്ട കാര്യമാണ്. ഈ ആത്മസമര്‍പ്പണവും കഠിനദ്ധ്വാനവും സാമൂഹികപ്രതിബദ്ധതയും ഇനിയും നിലനിര്‍ത്താന്‍ കൊച്ചിന്‍ റിഫൈനറിക്ക് സാധിക്കട്ടെ . കൊച്ചിന്‍ റിഫൈനറിയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ഇന്ന് രാജ്യത്തിനുള്ളത്. രാജ്യത്തൊരു പെട്രോ കെമിക്കല്‍ വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ കൊച്ചിന്‍ റിഫൈനറിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Post Your Comments