Latest NewsKerala

പ്രളയ ദുരിതാശ്വാസത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം

കണ്ണൂര്‍ : കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയക്കെടുതികളെ തുടര്‍ന്ന് ജില്ലയിലെ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് അംഗീകാരം. ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) സി എം ഗോപിനാഥന്‍, ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, കലക്ടറേറ്റ് ക്ലര്‍ക്ക് എ ബി ജയഫര്‍ സാദിഖ് എന്നിവരാണ് മികച്ച സേവനത്തിനുള്ള ജില്ലാ കലക്ടറുടെ അവാര്‍ഡിന് അര്‍ഹരായത്. ഇവര്‍ക്കുള്ള അംഗീകാര പത്രം റിപ്പബ്ലിക് ദിന പരേഡില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ വിതരണം ചെയ്തു.

പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിച്ചത് സി എം ഗോപിനാഥന്റെയും ജയഫര്‍ സാദിഖിന്റെയു നേതൃത്വത്തിലുള്ള സംഘമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സഹായ സാധനങ്ങള്‍ ജില്ലയ്ക്കകത്തും പുറത്തുമുള്ള പ്രളയബാധിതര്‍ക്ക് യഥാസമയം എത്തിച്ചുനല്‍കുന്നതില്‍ നേതൃപരമായ പങ്കാണ് ഇവര്‍ വഹിച്ചത്. കലക്ടറേറ്റിലേക്ക് പ്രവഹിച്ച സാധനങ്ങള്‍ ജീവനക്കാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെ തരംതിരിച്ച് പ്രത്യേക പാക്കറ്റുകളാക്കിയായിരുന്നു ലോറികളിലും കണ്ടെയിനറുകളിലുമായി വിവിധ പ്രദേശങ്ങളിലേക്ക് കയറ്റി അയച്ചത്.

പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിലും മറ്റും കെട്ടിടങ്ങള്‍ക്കു മുകളില്‍ അകപ്പെട്ടുപോയവര്‍ക്ക് വ്യോമമാര്‍ഗം എത്തിക്കാനുള്ള ബ്രഡ്, ബിസ്‌ക്കറ്റ്, കുപ്പിവെള്ളം, ഗ്ലൂക്കോസ് പൊടി തുടങ്ങിയ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് കിറ്റുകള്‍ തയ്യാറാക്കി എത്തിച്ചതും ഇവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. പ്രളയബാധിതര്‍ക്ക് നല്‍കി മിച്ചംവന്ന സാധനങ്ങള്‍ ചെന്നൈയിലെ ദുരിതബാധിതര്‍ക്കായി കൊണ്ടുപോവാന്‍ ലോറിയില്‍ കയറ്റുന്നതിനിടെ ഭരമുള്ള പെട്ടി കഴുത്തില്‍ വീണ് മൂന്നു മാസത്തോളം ചികില്‍സയിലായിരുന്നു ജയഫര്‍ സാദിഖ്.

ജില്ലയിലെ ഉരുള്‍പൊട്ടലും മഴക്കെടുതികളും രൂക്ഷമായ ഇരിട്ടി താലൂക്കിലെ രക്ഷാ-ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങല്‍ സ്തുത്യര്‍ഹമായ രീതിയില്‍ കൈകാര്യം ചെയ്തതാണ് തഹസില്‍ദാര്‍ ദിവാകരനെ അംഗീകാരത്തിന് അര്‍ഹനാക്കിയത്. വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെട്ടവവര്‍ക്കുള്‍പ്പെടെ താല്‍ക്കാലികമായി താമസസ്ഥലങ്ങളും ദുരിതാശ്വാസ ക്യാംപുകളും ഒരുക്കുന്നതില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു. പ്രളയദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരമെത്തിക്കുന്നതിലും ഇദ്ദേഹം മികവ് കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button