KeralaLatest News

കേരളത്തിലും കാലാവസ്ഥ വ്യതിയാനത്തിന്റെ ആപല്‍ സൂചനകള്‍ ജൈവവൈവിധ്യ കലവറയുടെ സംരക്ഷണം സമൂഹത്തിന്റെ പ്രധാന ചുമതല: മുഖ്യമന്ത്രി

തലശ്ശേരി : കേരളത്തിന്റെ അതിസമ്പന്നമായ ജൈവവൈവിധ്യ കലവറ സംരക്ഷിക്കുകയെന്നത് എല്ലാവരുടെയും ഏറ്റവും പ്രധാന ചുമതലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ജൈവവൈവിധ്യ സമ്പത്ത് ഏതൊരു നാടിന്റെയും ജീവനാഡിയാണ്. ആ നാഡീസ്പന്ദനം നിലനിര്‍ത്തക്കൊാണ്ടുപോകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അത് ജൈവ വൈവിധ്യബോര്‍ഡിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരള്‍ച്ചയെ നേരിടുന്നതിന് യോജിച്ച കാസര്‍കോട് ഇനമായ ‘ വെള്ളത്തൂവല്‍’ നെല്ല് പറയിലേക്ക് നിറച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

പശ്ചിമഘട്ടത്തിലെ അതി വിപുലമായ ജൈവവൈവിധ്യങ്ങളുടെ സമഗ്രചിത്രം വെളിവാക്കുന്ന ഭൂമികയാണ് കേരളം. ‘പച്ചയാംവിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ച് കിടക്കുന്ന നാടായി’ ഈ നാടിനെ കവികള്‍ വിശേഷിപ്പിച്ചത് അതുകൊണ്ടാണ്. കാട്ടറിവ്, നാട്ടറിവ്, കടലറിവ് എന്നിവയെല്ലാം കേരളത്തിന് സ്വന്തമായി ഉള്ളതാണ്. അതില്‍ കുറേയൊക്കെ നഷ്ടപ്പെട്ടുപോയി. നമ്മുടെ ജൈവവൈവിധ്യ സംരക്ഷണം കൂടുതല്‍ ശാസ്ത്രീയവും മെച്ചപ്പെട്ടതുമാക്കേണ്ടതുണ്ട്. ഗൗരവമായ കാലാവസ്ഥ വ്യതിയാനത്തിന്റെ ലക്ഷണങ്ങള്‍ നമ്മുടെ കേരളത്തില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഭിന്ന കലാവസ്ഥ പ്രദേശമായി ഇവിടം മാറികൊണ്ടിരിക്കുകയാണ്. നമ്മുടെ നല്ല പഴയ കാലാവസ്ഥയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. സൂക്ഷിച്ചുനോക്കിയാല്‍ എങ്ങനെയാണ് ഈ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നതെന്ന് കാണാന്‍ കഴിയും. മരുഭൂമിയില്‍ മാത്രം  കണ്ടുവരുന്ന ദേശാടനപക്ഷികളുടെ ഇഷ്ടപ്രദേശമായി കേരളം മാറുന്നു. ഉത്തരേന്ത്യയില്‍ ചൂടേറിയ പ്രദേശങ്ങളില്‍ കാണാറുള്ള റോസിപാസ്റ്റര്‍ പക്ഷികളെ കോട്ടയം തിരുനക്കര ഭാഗങ്ങളില്‍ ധാരാളം കണ്ടുവരുന്നു. ഇതൊക്കെ ആപത് സന്ദേശങ്ങളാണ് നല്‍കുന്നത്. 

വിഷുവിന് മാത്രം പൂത്തിരുന്നതാണ് കൊന്ന. ഇപ്പോള്‍ ഏത് കാലത്തും കൊന്നപ്പൂ കാണാമെന്നായി. അന്തരീക്ഷ താപനില കേരളത്തില്‍ 0.01 ഡിഗ്രി വീതം കൂടുകയാണ്. കാര്‍ഷിക സര്‍വ്വകലാശാലയുടെ ഒരു പഠനം കാണിക്കുന്നത് ഹൈറേഞ്ചിലെ ചൂട് 1984നും 2009നുമിടയില്‍ ശരാശരി 1.46 ശതമാനം വര്‍ധിച്ചുവെന്നാണ്. ഉത്തരേന്ത്യയ്യയിലും മറ്റും മാത്രം കേട്ടിരുന്ന സൂര്യാതപവും ഉഷ്്ണ തരംഗവും കേരളത്തിലും കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കാനും വീണ്ടെടുക്കാനുമുള്ള കര്‍മപദ്ധതികള്‍ പ്രാദേശിക തലത്തില്‍ വേണം ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും ജൈവവൈവിധ്യ പരിപാലന സമിതികള്‍ക്കും (ബിഎംസി) വലിയ പങ്കുവഹിക്കാനാകും. ജൈവവൈവിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള ബിഎംസികള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം.

പാരിസ്ഥിതിക ചൂഷണം തടയുന്നതിനുള്ള പ്രാദേശിക പരിസ്ഥിതി കാവല്‍ സംഘങ്ങളായിട്ടാണ് ബിഎംസികള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത് നിയമപരമായ അധികാരമുള്ള സംവിധാനമാണ്. ജൈവവൈവിധ്യ രജിസ്ട്രി 91 ശതമാനം തദ്ദേശസ്ഥാപനങ്ങളും ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ എത്ര സ്ഥാപനങ്ങള്‍ പ്രാദേശിക ആസൂത്രണ പ്രക്രിയയില്‍ ഇതിലെ വിവരങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് നോക്കണം. അറിവുകള്‍ അലമാരയില്‍ ഇരുന്നാല്‍ പോര. അത് നാട്ടില്‍ നടപ്പില്‍ വരണം. നാട്ടുകാള്‍ക്ക് ഇതിനെക്കുറിച്ച് മനസ്സിലാകണം. ഇത് മറിച്ചുനോക്കാന്‍ പോലും ആരെയും ചില പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും അനുവദിക്കുന്നില്ലെന്ന് കേള്‍ക്കുന്നു. അത് തെറ്റായ സമീപനമാണ്. പ്രാദേശിക ആസൂത്രണത്തില്‍ ഇവ ഉപയോഗപ്പെടുത്തുകയും കലാകാലങ്ങളില്‍ പുതിയ അറിവുകള്‍ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കുകയും വേണം. പ്രളയം ഉരുള്‍പൊട്ടല്‍ എന്നീ പ്രകൃതി ദുരന്തങ്ങള്‍ പലതും ഇല്ലാതാക്കിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാന്‍ കഴിയുന്ന ജൈവവൈവിധ്യങ്ങളുടെ പ്രത്യേക രജിസ്ട്രി ഉണ്ടാക്കുന്നതും ബോര്‍ഡിന് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എംപി, എംഎല്‍എമാരായ ജെയിംസ് മാത്യു എ എന്‍ ഷംസീര്‍, സി കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എഡിജിപി ഡോ. ബി സന്ധ്യ, ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജം, വാര്‍ഡ് അംഗം ഗീത, സ്വാഗതസംഘം ചെയര്‍മാന്‍ പി ബാലന്‍, കില ഡയറക്ടര്‍ ജോയ് ഇളമണ്‍, ജൈവവൈവിധ്യ ബോര്‍ഡ് അംഗം ഡോ. കെ സത്ഷ് കുമാര്‍, ഡോ. ടി എസ് സ്വപ്‌ന എന്നിവര്‍ സംസാരിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ഡോ. എസ് സി ജോഷി മുഖ്യമന്ത്രിക്ക് കൈമാറി.ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എസ് സി ജോഷി സ്വാഗതവും ബോര്‍ഡ് അംഗം കെ വി ഗോവിന്ദന്‍ നന്ദിയും പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button