കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം താക്കോല്‍ദാനം നടത്തിയതില്‍ കൂടുതലും പണി തീരാത്ത വീടുകളെന്ന് ആരോപണം. ജയ്ഹിന്ദ് ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. പിണറായിയില്‍ നടന്ന ഇടതുമുന്നണിയുടെ കുടുംബ സംഗമത്തിലാണ് സര്‍ക്കാര്ര്‍ പദ്ധതിയായ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 11 വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി കൈമാറിയത്.
എന്നാല്‍ ഇങ്ങനെ കൈമാറിയ വീടുകളില്‍ പലതിന്റെ മേല്‍ക്കൂര പോലും പൂര്‍ത്തിയാക്കിയിട്ടില്ല. പഞ്ചായത്തിലെ 12 വീടുകളെയാണ് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നത്. പണി പൂര്‍ത്തിയാകാത്തതിനാല്‍ ഉമ്മന്‍ചിറയിലെ ഒരു വീടിന്റേതൊഴികെ മറ്റെല്ലാ വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയായെന്നും ആ 11 വീടുകളുടെ താക്കോല്‍ ദാനമാണ് നിര്‍വഹിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പണി തീരാത്ത വേറെയും വീടുകളുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
എട്ടാംവാര്‍ഡായ പാനുണ്ടയില്‍ പല വീടിന്റെയും നിര്‍മാണം പകുതി പോലും പൂര്‍ത്തിയായിട്ടില്ല. ഇതുള്‍പ്പെടെ 11 വീടുകളുടെ താക്കോല്‍ കൈമാറിയെങ്കിലും പദ്ധതി തുകയിലെ അവസാന ഗഡു ഒറ്റ വീടിനു പോലും കൈമാറിയിട്ടും ഇല്ല. 12 വര്‍ഷത്തേക്കു വീട് വില്‍ക്കില്ലെന്ന് പഞ്ചായത്തുമായി കരാര്‍ വയ്ക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ചു ചില ആശയക്കുഴപ്പമുള്ളതിനാല്‍ ആരുമായും കരാര്‍ വച്ചില്ലെന്നും അതുകൊണ്ടാണ് അവസാന ഗഡു തുക കൈമാറാത്തതെന്നുമാണു പഞ്ചായത്തിന്റെ വിശദീകരണം. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടുകളുടെ നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തീകരിക്കുമെന്നാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇപ്രകാരം പ്രഖ്യാപനം നടപ്പായെന്നു വരുത്താനാണ് വീടുകള്‍ പൂര്‍ത്തിയായില്ലെങ്കിലും തിരക്കിട്ടു താക്കോല്‍ കൈമാറിയെന്നാണു വിമര്‍ശനം.
Post Your Comments