തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പിടികൂടുന്നതിനായി ജില്ലാ കമ്മിറ്റി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ സംഭവത്തില്‍ എസ്പി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം. ചൈത്ര തെരേസ ജോണിനെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് എ ഡി ജി പി മനോജ് എബ്രഹാം നാളെ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിക്കും. സി പി എം ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് അന്വേഷണം. പാര്‍ട്ടിയെ അപമാനിക്കുന്നതിന് റെയ്ഡ് നടത്തിയെന്നായിരുന്നു പരാതി. അതേസമയം സംഭവത്തില്‍ ചൈത്രക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നാണ് സൂചന.
റെയ്ഡ് നടത്തിയതിനു പിന്നാലെ ചൈത്രയ്ക്കെതിരെ മേല്‍ ഉദ്യോഗസ്ഥന്‍ നടപടി സ്വീകരിച്ചിരുന്നു. ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന ചൈത്രയ വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്കു മടക്കിയാണ് മേലുദ്യോഗസ്ഥര്‍ നടപടിയെടുത്തത്. അവധിയിലായിരുന്ന ഡിസിപി ആര്‍.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ഇവിടെ ചുമതല ഏല്‍പ്പിച്ചു. റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസിപി യില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് ഈ നടപടി.
ബുധനാഴ്ച രാത്രിയാണ് അന്‍പതോളം പേരടങ്ങിയ ഡിവൈ എഫ്‌ഐ സംഘം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. തുടര്‍ന്ന് പ്രതികളില്‍ ചിലര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഡിസിപിയുടെ നേതൃത്വത്തിലുള്ള റെയ്ഡ്. എന്നാല്‍ റെയ്ഡില്‍ പ്രതികളെന്നും പിടികൂടാനായില്ല. സംഭവം നടന്നത്തിന് തൊട്ടുപിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ടു സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിച്ചു.
Post Your Comments