എ.ടി.എം തകരാര്‍ മൂലം നഷ്ടമായ തുക തിരികെ നല്‍കാതെ ബാങ്ക്. ബാങ്കിനെതിരെ കുത്തിയിരിപ്പ് സമരവുമായി ഒറ്റയാളായി സമരം. അവസാനം തോല്‍വി സമ്മതിച്ച് ബാങ്ക്. കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാഭവന്‍ ജോയിന്റ് രജിസ്ട്രാര്‍ എം.കെ പ്രമോദിനാണ് ഈ ദാരുണമായ അനുഭവം. സാങ്കേതിക പ്രശ്‌നം മൂലമാണ് തുക നഷ്ടമായത്. ബാങ്ക് റീഫണ്ടിങ് വൈകിപ്പിച്ചതോടെ പ്രമോദ് തേഞ്ഞിപ്പലം ശാഖക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
കഴിഞ്ഞ 22 നാണ് സര്‍വ്വകലാശാല പരീക്ഷാഭവന്‍ ജോയിന്റ് രജിസ്ട്രാര്‍ എം.കെ പ്രമോദ് തന്റെ എസ്.ബി.ഐ അക്കൗണ്ടില്‍ നിന്ന് 30000 രൂപ തേഞ്ഞിപ്പലം എം.ടി.എം ശാഖയില്‍ നിന്ന് പിന്‍വലിച്ചത്. യൂണിവേഴ്‌സിറ്റിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ബാങ്കിലെത്തി പാസ്ബുക്കില്‍ പണമിടപാട് രേഖപ്പെടുത്തുമ്പോഴാണ് പിന്‍വലിച്ച തുകക്ക് സമാനമായ 30000 രൂപകൂടി നഷ്ടപ്പെട്ടതായി അറിയുന്നത്. ബാങ്ക് അധികൃതരുമായി സംസാരിച്ചപ്പോള്‍ സാങ്കേതിക പ്രശ്‌നമാണ് പണം നഷ്ടപ്പെടാനുണ്ടായ കാരണമെന്നും അടുത്ത ദിവസം തന്നെ പരിഹാരം കാണുമെന്നുമായിരുന്നു പ്രതികരണം. എന്നാല്‍ പണം നഷ്ടപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും ബാങ്ക് നടപടി എടുത്തിരുന്നില്ല. ഇതോടെയാണ് രാവിലെ ബാങ്കിന് മുന്നിലെത്തി പ്രമോദ് കുത്തിയിരിപ്പ് സമരം നടത്തിയത്. സംഭവത്തില്‍ സര്‍വ്വകലാശാല ജീവനക്കാരുടെ യൂണിയന്‍ നേതാക്കന്‍മാരും പ്രദേശിക രാഷ്ട്രീയ നേതാക്കളും ഇടപെട്ടതോടെ നിമിഷങ്ങള്‍ക്കകം പണം റീഫണ്ട് ചെയ്താണ് പ്രശ്‌നത്തിന് ബാങ്ക് പരിഹാരം കണ്ടത്. തേഞ്ഞിപ്പലം എസ്.ബി.ഐ ശാഖയില്‍ എം.ടി.എം വഴി പണം നഷ്ടമാകുന്ന പരാതി മുമ്പും ഉയര്‍ന്നിരുന്നു.
Post Your Comments